തൃശ്ശൂർ പൂരം; മഠത്തിൽ വരവ്

0
99

തൃശ്ശൂർ പൂരത്തിന് മഠത്തിൽ വരവിനെക്കുറിച്ച്‌ രസകരമായൊരു ഐതിഹ്യമുണ്ട്. തൃശ്ശൂർ നടുവിൽ മഠം നമ്പൂതിരി ബ്രാഹ്മണരുടെ വേദ പാഠശാലയായിരുന്നു (വിദ്യാർത്ഥികൾ കുറവെങ്കിലും ഇപ്പോഴും അങ്ങനെ തന്നെ). ഈ മഠത്തിന്‌ രക്ഷാധികാരിയായിരുന്നത്‌ നടുവിൽ മഠം സ്വാമിയാർ ആണ്‌. ഈ മഠത്തിൻറെ കൈവശം സ്വർണ്ണത്തിൽ പൊതിഞ്ഞ നെറ്റിപട്ടങ്ങൾ ഉണ്ടായിരുന്നു. മികച്ച തരം നെറ്റിപ്പട്ടം ആയതിനാൽ തിരുവമ്പാടി വിഭാഗത്തിന്‌ ഈ നെറ്റിപട്ടങ്ങൾ കിട്ടിയാൽ കൊള്ളാം എന്നായി. അതിനായി തിരുവമ്പാടിക്കാർ സ്വാമിയാരെ സമീപിച്ചപ്പോൾ, ആനകളെ മഠത്തിലേക്ക്‌ കൊണ്ടുവരികയാണെങ്കിൽ നെറ്റിപട്ടം അവിടെ വെച്ച്‌ അണിയിക്കാം എന്ന മറുപടി കിട്ടി. ഇതേ തുടർന്ന് തിരുവമ്പാടിയുടെ എഴുന്നള്ളിപ്പ്‌ മഠത്തിലേക്ക്‌ വരാനും അവിടെ വെച്ച്‌ നെറ്റിപട്ടം മാറ്റി അണിയാനും തുടങ്ങി. സ്വർണം പൊതിഞ്ഞ നെറ്റിപട്ടങ്ങൾ ഇല്ലെങ്കിലും ഇന്നും ഈ ചടങ്ങ്‌ തുടർന്നു വരുന്നു. നടുവിൽ മഠത്തിൽ ദേവ ചൈതന്യം ഉള്ളതു കൊണ്ട്‌ അവിടെ വെച്ച്‌ ഒരു ‘ഇറക്കി പൂജയും’ നടത്തുന്നു. രാവിലെ എട്ടു മണിക്കാണ്‌ മഠത്തിലേയ്ക്കുള്ള വരവ് തിരുവമ്പാടി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കന്നത്. രണ്ടരമണിക്കൂർ കൊണ്ട് ഇത് മഠത്തിൽ എത്തിച്ചേരുന്നു. ‘ഇറക്കി പൂജ’ കഴിഞ്ഞ് (പണ്ടത്തെ ചമയങ്ങൾ സ്വീകരണം) പതിനൊന്നരയോടെ മഠത്തിൽ വരവ് ആരംഭിക്കുന്നു. പത്തോളം ആനയുമായി പുറപ്പെടുന്ന ഇത് നായ്ക്കനാൽ എത്തിച്ചേരുമ്പൊൾ എണ്ണം 15 ആകുന്നു.

മഠത്തിൽ വരവ് അതിൻറെ പഞ്ചവാദ്യമേളത്തിലാണ്‌ പ്രസിദ്ധിയാർജ്ജിച്ചത്. ഇതിൽ നിരവധി പഞ്ചവാദ്യ വിദഗ്ദ്ധന്മാർ പങ്കെടുക്കുന്നു. 17 വീതം തിമിലക്കാരും കൊമ്പുകാരും താളക്കാരും ഉണ്ടാകണം. ഒൻപത് മദ്ദളം, നാല് ഇടയ്ക്ക, എന്നിങ്ങനെയാണ്‌ കണക്ക്. ഇത് തെറ്റുവാൻ പാടില്ല. മഠത്തിൽ വരവ് പഞ്ചവാദ്യം ലോക പ്രസിദ്ധമാണ്. ഈ പഞ്ചവാദ്യം നായ്ക്കനാലിൽ മധ്യകാലവും തീരുകാലശം കൊട്ടുന്നു. പഞ്ചവാദ്യം കലാശത്തോടുകൂടി തിരുവമ്പാടി എഴുന്നള്ളത്ത് നായ്ക്കനാലിൽ നിന്ന് തേക്കിൻകാട് മൈതാനത്തേക്ക് കടക്കുന്നു. ഇവിടെ നിന്ന് പതിനഞ്ച് ആനകളുടേയും ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ എഴുന്നള്ളത്ത് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് നീങ്ങുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here