തൃശൂർ പൂരം; ഇലഞ്ഞിത്തറ മേളം

0
221

തൃശൂർ പൂരത്തിൽ വടക്കുംനാഥ ക്ഷേത്രത്തിലെ കൂത്തമ്പലത്തിലാണ്‌ എഴുന്നള്ളത്ത്‌ അവസാനിക്കുക. പിന്നീടാണു് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പാണ്ടി മേളത്തിൽ വാദ്യകലാരംഗത്തെ കുലപതികളാണ്‌ പങ്കെടുക്കാറ്. കൂത്തമ്പലത്തിനു് മുന്നിലെ ഇലഞ്ഞിത്തറയിൽ അരങ്ങേറുന്നതുകൊണ്ടാണ്‌ ഈ മേളച്ചാർത്തിന്‌ ഇലഞ്ഞിത്തറമേളം എന്ന പേരുവന്നത്‌. ഇവിടെയാണ് പണ്ട് പാറമേക്കാവ് ഭഗവതിയെ പ്രതിഷ്ഠിച്ചിരുന്നത്. ഇപ്പോൾ നിലവിലുള്ള ഇലഞ്ഞി 2001ൽ കടപ്പുഴകി വീണ ഇലഞ്ഞിക്കു പകരം 2001 സപ്തംബർ 11 ന് നട്ടതാണ്.

വാദ്യക്കാരുടെ എണ്ണം മഠത്തിൽ വരവിലേത് പോലെതന്നെ നിരവധിയാണ്‌. സാധാരണയായി ഇരുനൂറ്റമ്പതോളം പേരാണ് ഇവിടെ കൊട്ടുന്നത്. മുൻ നിരയിൽ ഉരുട്ട് ചെണ്ടക്കാർ 15 പേരാണ്‌. ഒറ്റത്താളം പിടിക്കാനായി 90 വലം തല ചെണ്ടകൾ, 21 വീതം കൊമ്പുകാരും കുഴലുകാരും. ഇലത്താളം 75 പേർ കൂടിയാണ്. ഈ കണക്കിൽ മാത്രം 222 പേർ വരും എന്നാലും എല്ലാ വർഷവും ഇതിലും അധികം വാദ്യക്കാർ വരാറുണ്ട്. മിക്കവർക്കും ഇതൊരു വഴിപാടാണ്. ഈ ചടങ്ങിനുള്ള മറ്റൊരു പ്രത്യേകത പാണ്ടിമേളം ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടുന്നത്‌ തൃശൂർ പൂരത്തിന്‌ മാത്രമാണ്‌ എന്നതാണ്‌. മേളത്തിൻറെ മറ്റൊരു രൂപമായ പഞ്ചാരി മേളം ആണ്‌ ക്ഷേത്രമതിൽക്കകത്ത്‌ കൊട്ടാറുള്ളത്‌.

പതികാലത്തിൽ തുടങ്ങുന്ന മേളം സാവധാനമാണ്‌. ഇത് വിട്ട് വേഗത കൂടുന്നതോടെ കാണികളും ആവേശഭരിതരാകുന്നു. ആദ്യം ഇടത്തു കലാശം അതിനുശേഷം അടിച്ചു കലാശം പിന്നെ തകൃത, അതിനുശേഷം ത്രിപുട എന്നിങ്ങനെയാണ്‌ മേളം. ത്രിപുട അവസാനിക്കുന്നതോടെ മുട്ടിന്മേൽ ചെണ്ട തുടങ്ങുന്നു. ഇത് ചെണ്ട മുന്നോട്ട് തള്ളിപ്പിടച്ച് വായിക്കുന്ന രീതിയാണ്‌. ജനങ്ങളുടെ താളം പിടിക്കലും കൂടിയായാൽ പിന്നെ കുഴഞ്ഞുമറിഞ്ഞ് കൊട്ടുകയായി. ഇത് കുഴഞ്ഞുമറിഞ്ഞ് എന്നാണ്‌ വിളിക്കപ്പെടുന്നത്. കാണികളെ വിസ്മയത്തുമ്പത്ത് പിടിച്ചിരുത്തി കൊടുങ്കാറ്റ് ശമിക്കുന്നതു പോലെ ഒരു നിമിഷാർദ്ധത്തിൽ എല്ലാം അവസാനിക്കുന്നു. ഇതു കഴിഞ്ഞ് വൈകീട്ട് നാലരയോടെ പാറമേക്കാവ് പൂരം വടക്കുംനാഥനെ വലം വെച്ച് തെക്കോട്ടിറങ്ങുകയായി.

LEAVE A REPLY

Please enter your comment!
Please enter your name here