ഗുരുവായൂർ: ക്ഷേത്രനഗരിയിലെ ഇന്നർ റിങ്‌ റോഡിൽ 29 മുതൽ വൺവേ സംവിധാനം നടപ്പാക്കാൻ തീരുമാനിച്ചു. ഗുരുവായൂർ നഗരസഭയുടെയും ദേവസ്വത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ വ്യാഴാഴ്ച ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. അമൃത് പദ്ധതിയുടെ ഭാഗമായി ഇന്നർ റിങ്‌ റോഡിലെ കാനയുടെയും നടപ്പാതയുടെയും നിർമാണത്തിന്റെ ഭാഗമായാണ് ഗതാഗത പരിഷ്‌ക്കാരം. നിർമാണത്തിനായി ഒരു മാസത്തേക്കാണ് വൺവേ ആലോചിച്ചതെങ്കിലും അത് സ്ഥിരമായി നടപ്പാക്കണമെന്നാണ് പെതുവേയുള്ള തീരുമാനം.

എല്ലാ വാഹനങ്ങളും ഇടതുവശം ചേർന്നു പോകാവുന്ന തരത്തിലാണ് വൺവേ ക്രമീകരിച്ചിട്ടുള്ളത്. മഞ്ജുളാൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ അപ്സര ജങ്ഷനിൽ നിന്ന് വലത്തോട്ട് തിരിയാൻ പാടില്ല. ഇടതു തിരിഞ്ഞ് ദേവസ്വം ഇന്നർ റോഡിലേക്ക് കടക്കണം. ശ്രീവത്സം ഗസ്റ്റ് ഹൗസിൽനിന്നുള്ള വാഹനങ്ങൾ വലത്തോട്ടു തിരിയാതെ ഇടതുഭാഗത്തുകൂടി ഔട്ടർ റിങ്‌ റോഡിലേക്ക് പോകണം. ഇന്നർ നിങ് റോഡിലെത്തുന്ന എല്ലാ വാഹനങ്ങളും ഇടതുവശം ചേർന്നാണ് ഔട്ടർ റിങ്‌ റോഡിലേക്ക് പ്രവേശിക്കേണ്ടത്.

ഇരുചക്രവാഹനങ്ങൾക്കും വൺവേ ബാധകമായിരിക്കും. തെറ്റിച്ചാൽ നടപടിയുണ്ടാകും. ഇന്നർ റിങ്‌ റോഡിൽ വാഹനങ്ങളുടെ പാർക്കിങ് നിയന്ത്രിക്കും. തിരക്കുള്ള ദിവസമാണെങ്കിൽ ഒരുഭാഗത്തുമാത്രം പാർക്കിങ് അനുവദിക്കും. നഗരസഭാ ചെയർമാന്റെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ വി.എസ്.രേവതി അധ്യക്ഷയായി. വൈസ് ചെയർമാൻ കെ.പി.വിനോദ്, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ, ഗുരുവായൂർ ടെമ്പിൾ സി.ഐ.പ്രേമാനന്ദകൃഷ്ണൻ, നഗരസഭാ സെക്രട്ടറി വി.പി.ഷിബു, ദേവസ്വം എക്സിക്യൂട്ടീവ് എഞ്ചിനീയർ പി.കെ.അരവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here