ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തെക്കുറിച്ചു ആദ്യമായി സമഗ്രമായ ഒരു വീഡിയോ ഡോക്യൂമെന്റഷൻ തയ്യാറാക്കുന്നു. ഗുരുവായൂർ ദേവസ്വത്തിന്റെ പിന്തുണയോടു കൂടി, യാതൊരു ലാഭേച്ഛയുമില്ലാതെയാണ് BLUE PLANET CINEMA ഭഗവാനുള്ള സമർപ്പണമായി ‘അഖിലം മധുരം’ എന്നു പേരിട്ടിരിക്കുന്ന വീഡിയോ ഡോക്യൂമെന്റഷൻ നിർമ്മിക്കുന്നത്.

ADVERTISEMENT

വിജയനഗര സാമ്രാജ്യ ചക്രവർത്തിയായ ശ്രീ കൃഷ്ണ ദേവരായരുടെ സദസ്സിൽ അംഗമായിരുന്ന ശ്രീപാദ വല്ലഭാചാര്യർ 1478 A.D യിൽ രചിച്ച ‘മധുരാഷ്ടക‘ ത്തിന്റെ എട്ടു ശ്ലോകങ്ങളും അവസാനിക്കുന്നത് “മഥുരാധിപതേ അഖിലം മധുരം” എന്ന് ചൊല്ലിക്കൊണ്ടാണ്. മഥുരാധിപനായ ഭഗവാനെ സംബന്ധിച്ചുള്ള എല്ലാം മധുരമാണ് എന്ന് പാടുന്ന; ഇതിൽ നിന്നാണ് ഭഗവാൻ അറിഞ്ഞനുഗ്രഹിച്ചു ചെയ്യിപ്പിക്കുന്ന ഈ ദൗത്യത്തിന് ‘അഖിലം മധുരം’ എന്ന് നാമകരണം ചെയ്തിരിക്കുന്നതെന്ന് ഇതിന്റെ സംവിധായകൻ അഭിപ്രായപ്പെട്ടു.

ഇത് ശ്രീഗുരുവായൂരപ്പന്റെ മാത്രം സ്വന്തമായ ഗുരുവായൂരിന്റെ ഇതിഹാസമാണ്. ഗുരുവായൂർ ക്ഷേത്ര സങ്കൽപം, ഐതിഹ്യവും ചരിത്രവും, വിഗ്രഹ മാഹാത്മ്യം, സാമൂതിരി, ഊരാളന്മാർ, ശാന്തിക്കാർ, ആരാധനാക്രമം, നിത്യപൂജകൾ, ഉദയാസ്തമനപൂജ, ക്ഷേത്രം ദേവസ്വം ഭരണസംവിധാനം, ക്ഷേത്രജീവനക്കാർ, ഭക്‌തർ, ക്ഷേത്രകലകൾ, പുന്നത്തൂർക്കോട്ടയും ആനകളും, ഗുരുവായൂർ ഏകാദശി, ഇടത്തരികത്തു കാവിൽ ഭഗവതിയും ശാസ്താവും, സഹസ്രകലശം, ഉത്സവം എന്നിങ്ങനെ ആണ് പ്രതിപാദിക്കുന്ന വിഷയങ്ങൾ. ആദ്യഘട്ടത്തിൽ ഇംഗ്ളീഷിലും മലയാളത്തിലുമായാണ് ‘അഖിലം മധുരം’ ഒരുങ്ങുന്നത്.

2019 ഏപ്രിൽ 17നു രാവിലത്തെ ശീവേലിക്ക് ഭഗവാൻ ഗജാരോഹണം ചെയ്യുന്നത് മുതൽ തിരികെ ശ്രീലകത്തേക്ക് എഴുന്നള്ളുന്നതുവരെയുള്ള ഭാഗം ചുറ്റമ്പലത്തിൽ ചിത്രീകരിച്ചു കൊണ്ട് ഡോക്യൂമെന്റഷൻ നാന്ദി കുറിച്ചു. ബഹുമാനപ്പെട്ട ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ: കെ.ബി.മോഹൻദാസ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ശ്രീ. എസ്.വി. ശിശിർ സന്നിഹിതനായിരുന്നു.

2019 ഡിസംബറിൽ പ്രകാശനം നിശ്ചയിച്ചിരിക്കുന്ന ഈ ബൃഹത്തായ ഡോക്യുമെന്ററി നിർമിക്കുന്നത് BLUE PLANET CINEMA യുടെ ബാനറിൽ ശ്രീ.കെ.പി.രവിശങ്കറും സംവിധാനം ചെയ്യുന്നത് മികച്ചൊരു പ്രഭാഷകനും, സിനിമാ സംവിധായകനും, പ്രവാസി ബിസിനസ്സുകാരനുമായ ശ്രീ. ശരത് എ. ഹരിദാസാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here