പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖ വെള്ളി

0
206

ഗുരുവായൂർ: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ക്രിസ്തുവിന്റെ കുരിശുമരണത്തേയും ത്യാഗത്തേയും സ്മരിച്ചുകൊണ്ട് ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷകളും പ്രത്യേക പ്രാര്‍ഥനകളും നടക്കും. പീഡാനുഭവ വായന, കുര്‍ബാന സ്വീകരണം, കുരിശിന്‍റെ വഴി, പരിഹാരപ്രദക്ഷിണം എന്നിവയാണു പള്ളികളില്‍ ഇന്ന് നടക്കുക‌.

പെസഹാ വ്യാഴത്തിന്‍റെ തുടര്‍ച്ചയായ ഈ ദിവസത്തില്‍ യേശുവിന്‍റെ പീഡാസഹനത്തേയും കാല്‍വരി മലയിലെ കുരിശു മരണത്തേയും ക്രൈസ്തവര്‍ അനുസ്മരിക്കുന്നു. യേശുവിന്‍റെ മൃതദേഹത്തിന്‍റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ ചടങ്ങ് ദുഃഖ വെള്ളിയുടെ ഭാഗമായി ഇന്ന് പള്ളികളില്‍ നടക്കും. രാത്രി കല്ലറയില്‍ അടക്കം ചെയ്യുന്നതിന്‍റെ പ്രതീകമായി രൂപം പെട്ടിയില്‍ അടച്ചശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങള്‍ അവസാനിക്കുക.

പാശ്ചാത്യ രാജ്യങ്ങളിൽ ഈ ദിവസത്തെ ഗുഡ്‌ ഫ്രൈഡേ (Good Friday) എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ‍ ഓർത്തഡോക്സ്‌ സഭകളിൽ ഈ ദിവസം വലിയ വെള്ളിയാഴ്ച അഥവാ ഗ്രെയിറ്റ്‌ ഫ്രൈഡേ (Great Friday) എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകൾ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും വിളിക്കുന്നു.

ക്രൈസ്തവ ദേവാലയങ്ങളിൽ ഈ ദിവസം പ്രത്യേക പ്രാർത്ഥനകളും യേശുക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ബൈബിൾ ഭാഗങ്ങളുടെ വായനയും ഉണ്ട്‌. മിക്ക സ്ഥലങ്ങളിലും ഈ ദിവസം ഉപവാസദിനമായി ആചരിക്കുന്ന പതിവുണ്ട്. കുരിശിൽക്കിടന്നു ദാഹിക്കുന്നു എന്നു വിലപിച്ച യേശുവിനു കയ്പുനീർ കുടിക്കാൻ കൊടുത്തതിന്റെ ഓർമയിൽ വിശ്വാസികൾ കയ്പുനീർ രുചിക്കുന്ന ആചാരവുമുണ്ട്.

നാളെ ജ്ഞാനസ്നാന വ്രത നവീകരണം, പുത്തൻ വെള്ളം, തിരി എന്നിവയുടെ വെഞ്ചരിപ്പ്. ഞായറാഴ്ചയാണ് യേശുക്രിസ്തു ഉയർത്തെഴുന്നേറ്റതിന്റെ ഓർമ അനുസ്മരിച്ച് ഈസ്റ്റർ ആഘോഷിക്കുന്നത്. അൻപത് ദിവസം നീണ്ട വലിയ നോമ്പിനു സമാപനം കുറിക്കുന്നതും ഞായറാഴ്ചയാണ്. മലയാറ്റൂര്‍, വാഗമണ്‍ കുരിശുമല, തുമ്പച്ചി കുരിശുമല തുടങ്ങിയ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കു വിശ്വാസികള്‍ പരിഹാരപ്രദക്ഷിണം നടത്തും.

ഇന്ന് പുലര്‍ച്ചെ മുതല്‍ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമാ‍ണ്. അവിടെ മാര്‍ത്തോമാ മണ്ഡപത്തില്‍ വിശുദ്ധന്‍റെ തിരുശേഷിപ്പു വണങ്ങി, ആനകുത്തിയ പള്ളി കണ്ട്‌, കുരിശുമുടി പള്ളിയില്‍ പ്രാര്‍ഥിച്ച്‌, പൊന്‍കുരിശു വണങ്ങി നേര്‍ച്ചകളര്‍പ്പിച്ച്‌, പാറയില്‍ പതിഞ്ഞ വിശുദ്ധന്‍റെ കാല്‍പാദങ്ങള്‍ വണങ്ങി നിര്‍വൃതിയോടെ വിശ്വാസികള്‍ മലയിറങ്ങും.

ചരിത്രം

ക്രൈസ്തവ സഭാ ചരിത്രത്തിൽ വളരെയധികം പ്രധാന്യമുള്ള ദേവാലയമാണ് മലയാറ്റൂർ പള്ളി. AD 52ൽ ഭാരതത്തിലെത്തിയ തോമാശ്ലീഹ മലയാറ്റൂർ മലയാറ്റൂർ മലയിൽ വരികയും ദിവസങ്ങളോളം പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയും ചെയ്തു എന്നു വിശ്വസിക്കപ്പെടുന്നു. മലയാറ്റൂർ മലയിൽ ഇന്നുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ പഴക്കം ഉള്ള ചാപ്പൽ ഏകദേശം 500 വർഷം പഴക്കമുള്ളതാണ്.

ആന കുത്തിയ പള്ളി എന്നറിയപ്പെടുന്ന മലയാറ്റൂർ പഴയപള്ളി AD 1595ൽ സ്ഥാപിക്കപ്പെട്ടതാണ്. 1968 വരെ മലയാറ്റൂർ മല നിബിഡ വനമായിരുന്നു. അന്ന് ആനകൾ കുത്തി ഈ പള്ളിയുടെ പിൻഭാഗത്ത് സാരമായ നാശ നഷ്ടങ്ങൾ വരുത്തിയിരുന്നു.

പിന്നീട് കേടുപാടുകൾ നീക്കിയെങ്കിലും ആനകൾ കുത്തിയ ഭാഗം ഇന്നും അതുപോലെ സൂക്ഷിച്ചിട്ടുണ്ട്.പഴയ പള്ളിയോടു ചേർന്നായാണ് പുതിയ പള്ളി നിർമ്മിച്ചിരിക്കുന്നത്. ഈ പള്ളിയിലാണ് ആരാധനകൾ നടക്കുന്നത്. പഴയപള്ളി ആനകുത്തിയ പള്ളി എന്നപേരിൽ സംരക്ഷിച്ചിരിക്കുന്നു.

അതീവ ദുഃഖിതനായി ദിവസങ്ങളോളം പ്രാർത്ഥനയിൽ മുഴുകിയിരുന്ന തോമാശ്ലീഹ പാറയിൽ തൊട്ടപ്പോൾ പൊൻ കുരിശ് ഉയർന്നു വന്നുവെന്നാണ് ഐതിഹ്യം. ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള വലിയ പൊൻ കുരിശ് ഇതിന്റെ പ്രതീകമായാണ് നിലകൊള്ളുന്നത്. പാറയില്‍ പതിഞ്ഞ വിശുദ്ധന്‍റെ കാല്‍പാദങ്ങള്‍ വണങ്ങി നിര്‍വൃതിയോടെ വിശ്വാസികള്‍ മലയിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here