അവസാനത്തെ അത്താഴത്തിന്റെ സ്മരണയില്‍ ഇന്ന് പെസഹാ

ഗുരുവായൂർ: ഇന്നു പെസഹാ വ്യാഴം, ക്രിസ്തുദേവന്‍ 12 ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്‍റെ ഓര്‍മ്മ ദിവസം. ക്രിസ്ത്യാനികള്‍ ഈസ്റ്ററിന് തൊട്ട് മുൻപുള്ള വ്യാഴാഴ്ച പെസഹാ വ്യാഴം എന്ന വിശുദ്ധ ദിവസമായി ആചരിക്കുന്നു. ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ സ്മരണകള്‍ ഉണർത്തുന്നതാണ് പെസഹാ വ്യാഴം. കുരിശ് മരണത്തിന്റെ തലേ ദിവസം യേശുക്രിസ്തു ശിഷ്യന്‍മാര്‍ക്ക് അപ്പവും വീഞ്ഞും നല്‍കിയ ഒടുവിലത്തെ അത്താഴത്തിന്റെ ഓര്‍മ്മകള്‍ പുതുക്കിയാണ് വിശ്വാസികള്‍ പെസഹ ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. ദേവാലയങ്ങളില്‍ പ്രാര്‍ഥനകള്‍ക്കിടെ, പ്രധാന കാർമ്മികൻ 12 പേരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് അന്ത്യഅത്താഴവേളയില്‍ യേശു നടത്തിയ കാല്‍കഴുകല്‍ ശുശ്രൂഷയെ അനുസ്‌മരിക്കും.

ക്രിസ്തുവിന്‍റെ ശരീരവും രക്തവും അപ്പവും വീഞ്ഞുമെന്ന രൂപത്തില്‍ നല്‍കുന്ന ചടങ്ങ് തുടങ്ങിവച്ചത് പെസഹ വ്യാഴാഴ്ചയാണ്. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും. പെസഹ എന്ന വാക്കിന് അര്‍ത്ഥം ‘കടന്നുപോക്ക്’ എന്നാ‍ണ്. ക്രൈസ്തവരെ സംബന്ധിച്ച് ഇത് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. അന്ത്യത്താഴ വിരുന്നിന്റെ ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായി പെസഹ വ്യാഴത്തില്‍ പെസഹ അപ്പം ഉണ്ടാക്കുന്നു. പെസഹ ആചരിക്കുന്നതിന്‍റെ ഭാഗമായുള്ള അപ്പം മുറിക്കല്‍ ശുശ്രൂഷ വൈകുന്നേരം നടക്കും. ഓശാനയ്ക്ക് പള്ളികളില്‍ നിന്ന് നല്‍കുന്ന ഓശാനയോല (കുരുത്തോല) കീറി മുറിച്ച്‌ കുരിശുണ്ടാക്കി പെസഹ അപ്പത്തിന് മുകളില്‍ വെച്ച്‌ മുതിര്‍ന്ന അംഗം പ്രാര്‍ഥിച്ചശേഷം അപ്പം മുറിച്ച്‌ ‘പെസഹ പാലില്‍’ മുക്കി എല്ലാവര്‍ക്കുമായി നല്‍കുന്നു.

ഈ വ്യാഴം,വെള്ളി,ശനി ദിവസങ്ങളില്‍ വിശ്വാസികള്‍ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയർത്തെഴുന്നേൽപും സ്മരിക്കുന്നു.യേശുവിന്റെ ക്രൂശു മരണത്തെ അനുസ്‌മരിപ്പിക്കുന്ന ദുഖവെള്ളിയാണ് നാളെ. ഇന്ന് ദേവാലയങ്ങളിൽ നടക്കുന്ന കുർബാനയോടെ ഈസ്റ്റർ ആചാരണത്തിനുള്ള തുടക്കമാകും. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യത്താഴം ഒരുങ്ങിയത് പെസഹ വ്യാഴത്തിനാണ്. ദുഖവെള്ളിയാചരണത്തിന്റെ ഭാഗമായി നാളെയും ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷയുണ്ടാകും. ഞായറാഴ്ച യേശുവിന്റെ ഉയർത്തെഴുന്നേൽപും സ്വർഗാരോഹണവും ആചരിക്കുന്നതോടെ വിശുദ്ധ വാരാചരണം അവസാനിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *