ഗുരുവായൂരിൽ ഇനി വൈശാഖ പുണ്യകാലം

ഗുരുവായൂർ: ഗുരുവായൂരിൽ ഇനി വൈശാഖ പുണ്യകാലം. ഈ വർഷത്തെ ഗുരുവായൂർ വൈശാഖ മാസം മേയ് 5 — ജൂൺ 3 വരെ ആണ്. മേട മാസ അമാവാസി കഴിഞ്ഞുള്ള പ്രഥമ മുതല്‍ എടവത്തിലെ അമാവാസി വരെയുള്ള ദിവസങ്ങൾ, വൈശാഖ മാഹാത്മ്യം ഈശ്വരാരാധനയ്ക്ക്, പ്രത്യേകിച്ച് വിഷ്ണു ആരാധനയ്ക്ക് ശ്രേഷ്ഠമായ മാസങ്ങളാണ് മാഘം, വൈശാഖം, കാര്‍ത്തികം എന്നിവ.ഈ മൂന്നുമാസങ്ങളില്‍ അതിശ്രേഷ്ഠമാണ് വൈശാഖം.മാധവനായ വിഷ്ണുവിനു പ്രിയങ്കരമായതിനാല്‍ മാധവ മാസം എന്നും വൈശാഖം അറിയപ്പെടുന്നു. പൗര്‍ണ്ണമി ദിനത്തില്‍ വിശാഖം നക്ഷത്രം വരുന്ന മാസമാണു വൈശാഖം. മേടമാസത്തിലെ അമാവാസി കഴിഞ്ഞ് പിറ്റേ ദിവസം വൈശാഖ മാസം ആരംഭിക്കും.ഈ വർഷം മെയ് 5 നാണ് വൈശാഖം തുടങ്ങുന്നത്.

‘മാസാനാം ധര്‍മ്മ ഹേതൂനാം വൈശാഖശ്ചോത്തമം’ എന്നും, ‘ന മാധവ സമോ മാസോ ന കൃതേന സമം യുഗം’ എന്നും, ‘മാധവഃ പരമോ മാസഃ ശേഷശായിപ്രിയഃ സദാ’ എന്നും സ്‌കന്ദപുരാണം.

സര്‍വവിദ്യകളിലും ശ്രേഷ്ഠമായ വേദമെന്നതു പോലെ, സര്‍വമന്ത്രങ്ങളിലും ശ്രേഷ്ഠമായ പ്രണവമെന്നതു പോലെ, സര്‍വവൃക്ഷങ്ങളിലും ശ്രേഷ്ഠമായത് കല്‍പവൃക്ഷമെന്നതു പോലെ, സര്‍വപക്ഷികളിലും ശ്രേഷ്ഠനായത് ഗരുഡനെന്നതു പോലെ, സര്‍വനദികളിലും ശ്രേഷ്ഠയായത് ഗംഗയെന്നതു പോലെ, സര്‍വ രത്‌നങ്ങളിലും ശ്രേഷ്ഠമായത് കൗസ്തുഭമെന്നതു പോലെ, സര്‍വമാസങ്ങളിലും ശ്രേഷ്ഠമായത് വൈശാഖ മാസമാണ്.

വൈശാഖ മാസത്തിലെ മുപ്പത് ദിവസങ്ങളും പുണ്യദിനങ്ങളാണ്. ഈ മാസത്തില്‍ സ്‌നാനം, ദാനം, തപം, ഹോമം, ദേവതാര്‍ച്ചന തുടങ്ങിയ സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കണം.

വൈശാഖത്തില്‍ പ്രഭാതസ്‌നാനത്തിനു വളരെയധികം പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നു. മഹാവിഷ്ണു പ്രീതി നേടാന്‍ വൈശാഖസ്‌നാനത്തിനു തുല്യമായ മറ്റ് പുണ്യകര്‍മ്മമില്ല. വൈശാഖമാസത്തില്‍ ത്രിലോകങ്ങളിലുമുള്ള സര്‍വതീര്‍ത്ഥങ്ങളുടേയും സാന്നിധ്യം എല്ലാ നദികളിലും, ജലാശയങ്ങളിലും സൂര്യോദയം കഴിഞ്ഞ് ആറു നാഴിക വരെ ഉണ്ടാകും എന്നതിനാല്‍ പ്രാതഃസ്‌നാനം സര്‍വതീര്‍ത്ഥസ്‌നാന ഫലം നല്‍കുന്നു എന്ന് പദ്മ പുരാണവും സ്‌കന്ദ പുരാണവും ഒരു പോലെ പറയുന്നു.ദാനകര്‍മ്മങ്ങള്‍ക്ക് അനുയോജ്യമാസവുമാണ് വൈശാഖം. വൈശാഖ ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് ജല ദാനമാണ്(‘ന ജലേന സമം ദാനം’വൈശാഖമാഹാത്മ്യം 2:2, ‘സര്‍വദാനേഷു യത് പുണ്യം സര്‍വതീര്‍ഥേഷു യത് ഫലം തത്ഫലം സമവാപ്‌നോതി മാധവേ ജല ദാനതഃ) .

വേനല്‍ക്കാലത്ത് ഏറ്റവും ആവശ്യമായത് ജല,ഛത്ര,പാദുക, വ്യജന, അന്ന ദാനങ്ങള്‍ തന്നെ. ഇതു മനസ്സിലാക്കിയാണു വൈശാഖമാസത്തിലെ ദാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്പണ്ട് കാരണവന്മാർ വഴിയിലൂടെ പോകുന്ന യാത്രികർക്കും മറ്റും ജലം, സംഭാരം, ചക്ക, മാങ്ങ തുടങ്ങിയ പഴങ്ങളും കൊടുക്കുമായിരുന്നു.
സ്കന്ദപുരാണത്തിലെ വൈശാഖമാഹാത്മ്യം, കിളിപ്പാട്ടു രൂപത്തില്‍ മലയാളത്തില്‍ ലഭ്യമാണ്.ഒരു ദിവസം ഒരു അദ്ധ്യായം എന്ന ക്രമത്തില്‍ മുപ്പത് ദിവസങ്ങള്‍ കൊണ്ട് വൈശാഖ മാഹാത്മ്യം കിളിപ്പാട്ട് സമ്പൂര്‍ണ്ണമായി പാരായണം ചെയ്യുക എന്നതാണ് രീതി.
വൈശാഖ ദിനങ്ങളിൽ സ്‌നാനം ചെയ്യുമ്പോള്‍ ജപിക്കേണ്ട മന്ത്രങ്ങള്‍ ഇവയാണ്.

വൈശാഖംസകലം മാസം മേഷസംക്രമണേരവേഃ
പ്രാതഃ സനിയമഃ സ്‌നാസ്യേപ്രീയതാം മധുസൂദനഃ
മധുഹന്തുഃ പ്രസാദേന ബ്രാഹ്മ്ണാനാമനുഗ്രഹാത്
നിര്‍വിഘ്‌നമസ്തു മേ പുണ്യം വൈശാഖസ്‌നാനമന്വഹം
മാധവേമേഷഗേഭാനൗമുരാരേ മധുസൂദന
പ്രതഃസ്‌നാനേന മേ നാഥ യഥോക്തഫലദോ ഭവ
യഥാ തേ മാധവോ മാസോ വല്ലഭോ മധുസൂദന
പ്രാതസ്‌നാനേനമേതസ്മിന്‍ഫലദഃ പാപഹാഭവ
(പദ്മപുരാണം പാതാളഖണ്ഡം 95:8,9,10,11)
മധുസൂദന ദേവേശ വൈശാഖേ മേഷഗോ രവൗ
പ്രാതഃസ്‌നാനം കരിഷ്യാമി നിര്‍വിഘ്‌നം കുരു മാധവ
(സ്‌കന്ദ പുരാണംവൈശാഖമാഹാത്മ്യം 4:33)

നദികള്‍, കുളങ്ങള്‍, തടാകങ്ങള്‍, ചോലകള്‍, കിണര്‍ തുടങ്ങിയവയിലെ ജലത്തില്‍ വിഷ്ണുസ്മരണയോടെ പ്രാതഃസ്‌നാനം ചെയ്യണം. സ്‌നാനശേഷം യഥാവിധി തര്‍പ്പണം, ജപം, പൂജ, ദാനം എന്നിവ അനുഷ്ഠിക്കണം. പ്രഭാതത്തിലും മധ്യാഹ്നത്തിലും സായാഹ്നത്തിലും മഹാവിഷ്ണുവിനേയും മഹാലക്ഷ്മിയേയും പൂജിക്കുകവും ചെയ്യണം.

ഇങ്ങനെ വിധിപ്രകാരം അനുഷ്ഠിക്കുന്ന വൈശാഖ വ്രതം സകല ഐശ്വര്യങ്ങളും പ്രദാനം ചെയ്യും. അക്ഷയ തൃതീയ, ബലരാമ ജയന്തി, വൈശാഖ ശുക്ലപക്ഷ ദ്വാദശി,ഏകാദശികള്‍, ശങ്കരാചാര്യ ജയന്തി, നരസിംഹ ജയന്തി, ബുദ്ധ പൂര്‍ണ്ണിമ, ദത്താത്രേയ ജയന്തി എന്നിങ്ങനെ വിശേഷ ദിനങ്ങള്‍ പലതുണ്ട് വൈശാഖത്തില്‍.

വ്രതം കൊണ്ട്‌ വിശുദ്ധമാക്കാൻ കഴിയാത്തതൊന്നുമില്ല. മനോ-വാക്‌-കർമ്മങ്ങൾ കൊണ്ടുപോലും ദുശ്ചിന്തകളോ, ദുർഭാഷിതങ്ങളോ, ദുഷ്‌കർമ്മങ്ങളോ ഉണ്ടാകരുത്‌.വേദാധിഷ്‌ഠീതമായ യാഗങ്ങൾ നടത്തുന്ന കാലവും വസന്തമാണ്‌. മരങ്ങൾ പൂത്തുലയുന്ന കാലം. മഞ്ഞും മഴയുമില്ലാത്ത കാലം. കനത്ത വെയിലും കാറ്റുമില്ലാത്ത കാലം. എല്ലാം കൊണ്ടും വൈശാഖകാലം സുഖപ്രദം. ഈ പുണ്യകാലത്താണ്‌ പ്രഭാതസ്‌നാനവും, ജീവകാരുണ്യ പ്രവർത്തനങ്ങളും, തീർത്ഥാടനങ്ങളും, ക്ഷേത്രദർശനങ്ങളും പ്രദക്ഷിണ നമസ്‌കാരങ്ങളും, ദാനങ്ങളും, ദാഹജല വിതരണവും ഒക്കെ നടത്തേണ്ടത്‌.വൈശാഖകാലത്ത്‌ നടത്തുന്ന എല്ലാ പുണ്യകർമ്മങ്ങൾക്കും ഇരട്ടി ഫലമാണ്‌ ലഭിക്കുക.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *