ഗുരുവായൂർ: ഇന്ദിരാബാലന്റെ “കച്ചമണിക്കിലുക്കം” എന്ന പുസ്തകം ഗുരുവായൂർ രുക്മിണി റീജൻസിയിൽ വെച്ച് പ്രകാശനം ചെയ്തു. വൈകീട് 4 മണിക്ക് ശ്രീ ശരത്.എ.ഹരിദാസൻ ആയിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. ശ്രീ കോട്ടക്കൽ ദേവദാസൻ പുസ്തകം സ്വീകരിച്ചു. കഥകളി ആചാര്യൻ വാഴേങ്കട കുഞ്ചുനായരുടെ ജീവചരിത്രമാണ് കച്ചമണിക്കിലുക്കം. ശ്രീ കെ.പി.രവിശങ്കർ സ്വാഗത പ്രസംഗം നടത്തി. സർവ്വശ്രീ കോട്ടക്കൽ നന്ദകുമാരൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. ടി.എസ്.മാധവൻകുട്ടി, സർവ്വശ്രീ: കലാ. ബാലസുബ്രമണ്യൻ, ഡോ: സദനം ഹരികുമാർ, കോട്ടക്കൽ ശശിധരൻ, എം.ചന്ദ്ര പ്രകാശ്, സെബാസ്റ്റ്യൻ, കെ.പി.സുധീര തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ADVERTISEMENT

ഇന്ദിരാബാലൻ

1966-ൽ കഥകളി നാട്യാചാര്യൻ പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടേയും പടിഞ്ഞാറെ വെളിങ്ങോട്ട് ലക്ഷ്മിക്കുട്ടിയമ്മയുടേയും മകളായി ജനിച്ചു. വാഴേങ്കട നോർത്ത് യു.പി.സ്കൂൾ ചെർപ്പുളശ്ശേരി ഗവർമെന്റ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. അങ്ങാടിപ്പുറം പി.ടി.എം ഗവൺമെന്റ് കോളേജ് പട്ടാമ്പി ശ്രീ പുന്നശ്ശേരി നീലകണ്ഠശർമ്മ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ കലാലയ പഠനം. 1988ൽ മലയാള സാഹിത്യത്തിൽ എം.എ ബിരുദം നേടി. അതിന് ശേഷം പ്രൈവറ്റ് കോളേജിൽ കുറച്ചു കാലം അധ്യാപികയായി. കുട്ടിക്കാലം മുതൽ കലാ സാഹിത്യ രംഗങ്ങളിലും താൽപ്പര്യം ഉണ്ടായിരുന്നു. അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കഥയും കവിതയും എഴുതാൻ തുടങ്ങിയത്. 1989 ൽ ബാംഗ്ലൂരിൽ ജോലിയുള്ള ശ്രീബാലസുബ്രമണ്യൻ വിവാഹം കഴിച്ചു. ബാംഗ്ലൂരിലെ ജാലഹള്ളിയിൽ 2005 ൽ സർഗ്ഗധാര സാഹിത്യവേദിക്ക് തുടക്കം കുറിച്ചു. സ്ഥാപക പ്രസിഡണ്ടായിരുന്നു. 2009-ൽ സത്രീ ശാക്തീകരണത്തിനായി ധ്വനി സംഘടന രൂപീകരിച്ചു. ധ്വനിയുടെ ചെയർപേഴ്സണാണ്. ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ഫോറം പ്രസിഡണ്ടായും ഒരു വർഷം പ്രവർത്തിച്ചു. മലയാളം മിഷന്റെ അഡ്വൈസറി ബോർഡ് അംഗമാണ്. കർണ്ണാടക സാഹിത്യ അക്കാദമി, ആകാശവാണി നിലയം, ബഹുഭാഷാ സംഗമം എന്നീ വേദികളിൽ കവിത അവതരിപ്പിക്കാറുണ്ട്. 2 വർഷമായി കർണ്ണാടകയിലെ അഖില ഭാരതീയ സാഹിത്യ പരിഷത്തിൽ മലയാളത്തിന്റെ പ്രതിനിധിയായി കവി സംഗമത്തിൽ പങ്കെടുത്തു വരുന്നു. നിരവധി വേദികളിൽ സാഹിത്യവും സാമൂഹിക വിഷയങ്ങളും പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. “സാർത്ഥകം ന്യൂസ് ” (ബാംഗ്ലൂർ..RNI Reg.) പത്രത്തിന്റെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്. കവിതകളുടെ നൃത്തസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. കൂടാതെ ബാംഗ്ലൂരിലെ വേദികളിൽ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ ചണ്ഡാലസ്ത്രീയായും ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ നങ്ങേലിയായും വേഷമിട്ടിട്ടുണ്ട്. ഏഴ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

കൃഷ്ണപക്ഷം (കവിതകൾ), ഭഗ്ന ബിംബങ്ങൾ (കഥകൾ) – പൂർണ്ണ പബ്ലിക്കേഷൻ കോഴിക്കോട്
വർഷമുകിലുകൾ (കവിതകൾ) – കൈരളി ബുക്സ് കണ്ണൂർ
വാഴേങ്കട കുഞ്ചുനായർ (അക്കാദമികമായി തയ്യാറാക്കി) – കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം
വെയിൽ പക്ഷികൾ (ലേഖനങ്ങൾ) – ബുദ്ധ ബുക്സ്, തിരുവനന്തപുരം
പ്രയാണം (കവിതകൾ) – പുലിറ്റ്സർ ബുക്സ് തൃശൂർ
കച്ചമണിക്കിലുക്കം – കലയും ജീവിതവും പത്മശ്രീ വാഴേങ്കട കുഞ്ചുനായർ – ഭാരത് സംസ്കൃതി ഫൗണ്ടേഷൻ, പാലക്കാട്

കണ്ണൂർ മലയാള ഭാഷാ പാo ശാല ഡയരക്ടറും അധ്യാപകനുമായ ശ്രീ ഭാസ്ക്കരപ്പൊതുവാളുടെ ജീവിതം “അക്ഷര സൂര്യൻ ” എന്ന പേരിൽ എഴുതി – അത് പ്രസിദ്ധീകരണ വഴിയിൽ

കർണ്ണാടക തെലുഗുറൈറേറഴ്സ് ഫോറത്തിന്റെ 2019ലെ ഇന്റർനാഷണൽ മാതൃഭാഷാ ഉഗാദി പുരസ്ക്കാരം ലഭിച്ചു.

ഭർത്താവ് ആർ. ബാലൻ, മക്കൾ സൗമ്യ, വിഷ്ണു, മരുമകൻ ആർ. രഞ്ജിത് ഇപ്പോൾ ബാംഗ്ലൂരിൽ താമസിക്കുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here