ഗുരുവായൂർ: ഐശ്വര്യത്തിന്റെ കണിത്താലത്തില്‍ സമൃദ്ധിയുടെ പൊന്‍പ്രഭ നിറച്ച് വിഷു. വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷയിലേക്കാണ് ഓരോ മലയാളിയും കണികണ്ടുണര്‍ന്നത്. കണിക്കൊന്നയും കണിവെള്ളരിയും പൊൻപണവും കണികണ്ട് ഓരോരുത്തരും വിഷുവിനെ വരവേറ്റു.
ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജന തിരക്ക്. ക്ഷേത്രത്തിൽ വിഷു വിളക്ക് ആഘോഷത്തിന്റെ ഭാഗമായി മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി പുലർച്ചെ രണ്ടിന് മുറിയിൽ കണി കണ്ടതിന്ശേഷം തീർത്ഥകുളത്തിൽ കുളിച്ചെത്തി ശ്രീലക വാതിൽ തുറന്ന് ഗുരുവായൂരപ്പനെ കണികാണിച്ചു. രണ്ടര മുതൽ മൂന്നര വരെയായിരുന്നു ഭക്തർക്ക് വിഷുക്കണി ദർശനത്തിനുള്ള അവസരം. രാത്രി അത്താഴപ്പൂജക്ക് ശേഷം കീഴ്ശാന്തി നമ്പൂതിരിമാർ ചേർന്ന് ക്ഷേത്ര മുഖമണ്ഡപത്തിൽ കണി ഒരുക്കിയിരുന്നു. വിഷുപ്പുലരിയിൽ കണ്ണനെ കണി കണ്ട് അനുഗ്രഹം നേടാൻ ആയിരങ്ങളാണ് ഗുരുവായൂരിലെത്തിയത്. തിരക്ക് കണക്കിലെടുത്ത് ദർശനത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.