കർമ്മവും കർമ്മഫലവും

ആരുടെയെങ്കിലും ഒപ്പം ഇടപഴകുമ്പോള്‍, നല്ലതും മോശവുമായ അനുഭവങ്ങള്‍ അവരില്‍ നിന്ന് അനുഭവിക്കുമ്പോള്‍ കര്‍മ്മഫലത്തില്‍ വിശ്വാസമുള്ളവര്‍ പറയുന്ന വാക്കാണ് – എല്ലാം എന്‍റെ പൂര്‍വ്വജന്‍മപാപം, അല്ലെങ്കില്‍ പൂര്‍വ്വജന്‍മ സുകൃതം എന്ന്. എന്നിരുന്നാലും ആ പ്രത്യേക വ്യക്തിയോടൊപ്പം സംഭവിച്ച മുന്‍കാല കര്‍മ്മങ്ങളുടെ കണക്ക് അവരിലൂടെത്തന്നെ തീരുകയാണെന്നാണ് കൂടുതല്‍പേരും ധരിച്ചിരിക്കുന്നത്. കുറച്ചുകൂടി വിശാലയായി ഈ വിഷയം ചിന്തിക്കുകയാണെങ്കില്‍ മനസിലാകുന്ന കാര്യമെന്തെന്നാല്‍, കര്‍മ്മത്തിന്‍റെ കൊടുക്കല്‍ വാങ്ങല്‍ വ്യക്തിഗതമായ കടം വാങ്ങലും കടം വീട്ടലും പോലെയല്ല എന്നാതാണ്. നമ്മള്‍ ഒരു കല്ലില്‍ തട്ടി വീണ് തല പൊട്ടിയാല്‍ ആ കല്ല് പൂര്‍വ്വജന്‍മ പ്രതികാരം വീട്ടിയതാണെന്ന് പറയാന്‍ കഴിയുമോ? ഒരു രോഗം വന്ന് പീഢനമനുഭവിക്കുമ്പോള്‍ ആ രോഗാണുക്കള്‍ പ്രതികാരം തീര്‍ക്കുകയാണെന്ന് പറയാന്‍ സാധിക്കുമോ? വാസ്തവത്തില്‍ എന്താണീ കര്‍മ്മക്കണക്ക്? ആത്മാവ് ശരീരം സ്വീകരിച്ച നിമിഷം മുതല്‍ പ്രകൃതിയെന്ന മഹാശക്തിയോടൊപ്പമാണ് കൊടുക്കല്‍ വാങ്ങല്‍ നടത്തുന്നത്. ഞാന്‍ ഈ ഭൂമിയില്‍ വെച്ച് ആരോട് ദേഷ്യപ്പെട്ടാലും ആരെ ഹിംസിച്ചാലും ആരെ സ്നേഹിച്ചാലും ഭൂമിയുടെ പ്രവര്‍ത്തന തത്ത്വത്തിലെ നിയമങ്ങളെയാണ് ഞാന്‍ ലംഘിക്കുന്നത്. അതിന് മറുപടി തരുന്നത് എന്‍റെ മുന്നില്‍ അന്ന് നിന്ന ആ വ്യക്തിതന്നെയാകണമെന്നില്ല. ഒരു ബാങ്കില്‍ പണം നിക്ഷേപിച്ച ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചു ലഭിക്കുമ്പോള്‍ ആ ബാങ്കില്‍ നമ്മളോട് ഇടപെടുന്നത് അന്ന് പണം സ്വീകരിച്ച വ്യക്തിയാകണമെന്നില്ല. നമുക്ക് തരുന്നത് അതേ കറന്‍സികള്‍ ആയിരിക്കണമെന്നുമില്ല. പക്ഷേ ആ മൂല്ല്യവും അതിന്‍റെ പലിശയും കൃത്യമായി ലഭിക്കും. അതുപോലെ നമ്മളില്‍ നിന്ന് പ്രസരിച്ച നന്‍മയുടേയോ തിന്‍മയുടേയോ ഫലം മാത്രമാണ് തിരിച്ചു വരുന്നത്. അത് ആരില്‍ നിന്നാകണം, എപ്രകാരമാകണം എന്നത് പ്രപഞ്ച തീരുമാനങ്ങളാണ്. അത് ആരുടേയും വ്യക്തിഗതമായ തിരിച്ചുതരലല്ല. എന്നാല്‍ ഈ രഹസ്യമറിയാത്തവര്‍ പാവം വ്യക്തികളുമായി ഏറ്റുമുട്ടും. താന്‍ കാരണം വന്നുഭവിച്ച കടം പെരുകി ജപ്തി നോട്ടീസുമായി വന്ന പോസ്റ്റുമാനെ ഞാന്‍ ഉപദ്രവിച്ചിട്ടെന്ത് കാര്യം. ഈ രഹസ്യം അറിയാത്തവര്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ പുതിയ കര്‍മ്മബന്ധനങ്ങള്‍ സൃഷ്ടിച്ച് ബുദ്ധിമുട്ടും. ഈ രഹസ്യം അറിയാതെ അഥവാ വ്യക്തികളിലൂടെ കര്‍മ്മഫലങ്ങള്‍ തിരിച്ച് സ്വീകരിക്കുവാന്‍ (അഥവാ അല്‍പ്പം സഹിക്കുവാന്‍) നമ്മള്‍ തയ്യാറല്ലെങ്കില്‍ രോഗമായോ അപകടമായോ അകാരണമാനസിക സംഘര്‍ഷമായോ എങ്കിലും വന്ന് അവസാനം ആ കര്‍മ്മഫലം നമ്മളില്‍ തന്നെ സമാപിക്കും. അപ്പോള്‍ നമ്മള്‍ ആരെ കുറ്റപ്പെടുത്തും? ആരോട് പ്രതികാരം ചെയ്യും? അതിനാല്‍ മുന്‍കാല പാപകര്‍മ്മഫലങ്ങളെ അതിജീവിക്കുവാന്‍ ഇപ്പോഴത്തെ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുക

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here