ദക്ഷിണേന്ത്യയിൽ കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. തൃശ്ശൂർ പട്ടണത്തിൽ നിന്ന്‌ 26 കി.മീ വടക്കുപടിഞ്ഞാറുമാറി ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ശ്രീകൃഷ്ണസങ്കൽപ്പത്തിലുള്ള പരമാത്മാവായ (പരബ്രഹ്മനായ) മഹാവിഷ്ണുവാണ്. റോഡ്, റെയിൽ മാർഗ്ഗങ്ങളിലൂടെ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം. കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണിത്. ഇന്ത്യയിൽ തിരുമല തിരുപ്പതി വെങ്കടേശ്വരക്ഷേത്രം, പുരി ജഗന്നാഥക്ഷേത്രം, ബദരീനാഥ് മഹാവിഷ്ണുക്ഷേത്രം എന്നിവ കഴിഞ്ഞാൽ ഏറ്റവുമധികം തിരക്കുള്ള ഹൈന്ദവദേവാലയവും ഇതുതന്നെയാണ്. പരബ്രഹ്മസ്വരൂപനായ ശ്രീകൃഷ്ണനെ 12 ഭാവങ്ങളിൽ ഇവിടെ ആരാധിയ്ക്കുന്നു. ഇവിടുത്തെ ചതുർബാഹുവായ ഭഗവദ്രൂപം മനുഷ്യനിർമിതമല്ലെന്നും ദ്വാരകയിൽ ശ്രീകൃഷ്ണൻ നേരിട്ട് ആരാധിച്ച നാരായണസ്വരൂപമാണെന്നും സങ്കൽപ്പം. ശ്രീകൃഷ്ണാവതാരസമയത്ത് ദേവകിക്കും വസുദേവർക്കും കാരാഗൃഹത്തിൽ വച്ചു ദർശനം നൽകിയ മഹാവിഷ്ണുരൂപമാണ് ഇതെന്നും ഭക്തർ വിശ്വസിയ്ക്കുന്നു. ദുരിതങ്ങൾ അകന്ന് ഐശ്വര്യം സിദ്ധിയ്ക്കുവാനും മോക്ഷപ്രാപ്തിയ്ക്കും ഭക്തർ ഇവിടെ ദർശനം നടത്തുന്നു. കുംഭമാസത്തിൽ പൂയം നക്ഷത്രദിവസം കൊടിയേറി പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ വൃശ്ചികമാസത്തിൽ വെളുത്ത ഏകാദശി വ്രതം, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, തിരുവോണം, മേടമാസത്തിൽ വിഷു എന്നിവയും വിശേഷമാണ്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, വനദുർഗ്ഗാഭഗവതി, മുരുകൻ, ഹനുമാൻ എന്നിവർ കുടികൊള്ളുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here