രാജയോഗം ശ്രീ കുമ്മനം രാജശേഖരൻ

By MK Sajeev
ഗുരുവായൂർ: ശബരിമലയില്‍ യുവതികളെ പ്രവേശനത്തിനെതിരെയുള്ള സമരം ശക്തമായപ്പോള്‍ കേരളത്തിലെ വിശ്വാസികള്‍ ഒന്നടക്കം പറഞ്ഞു, കുമ്മനം വന്നാല്‍ ജയിക്കും. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ തിരുവനന്തപുരത്തെ വോട്ടര്‍മാരും പറഞ്ഞത് കുമ്മനം വന്നാല്‍ ജയിക്കും എന്നാണ്. ഇതായിരുന്നു കുമ്മനം രാജശേഖരന്‍ എന്ന പൊതുപ്രവര്‍ത്തകനിലുള്ള മലയാളികളുടെ വിശ്വാസം. കര്‍മ്മ പഥത്തില്‍ കാലിടറാതെ ഏറ്റെടുത്തതെല്ലാം, അത് സേവനമായാലും സമരമായാലും സംഘാടനം ആയാലും പൂര്‍ണവിജയത്തിലെത്തിച്ച കര്‍മ്മയോഗിയാണ് കുമ്മനം. സാധാരണക്കാരില്‍ തികച്ചും അസാധാരണ വ്യക്തിത്വം. ജനങ്ങളോടൊപ്പം സഞ്ചരിച്ച് അവരുടെ പ്രശ്‌നങ്ങളും പ്രയാസങ്ങളും നേരിട്ട് അറിഞ്ഞ് അവ പരിഹരിക്കുന്നതിന് നിരന്തരം പ്രക്ഷോഭങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുന്ന നേതാവ്. അരിപ്പ, ആറന്മുള, നിലയ്ക്കല്‍ പ്രക്ഷോഭങ്ങള്‍ തുടങ്ങി വിജയിച്ച പല സമരങ്ങളുടെയും നായകന്‍. സംഘര്‍ഷമല്ല സമന്വയമാണ് സമൂഹത്തിന് അനിവാര്യമെന്ന് തെളിയിച്ച വര്‍ത്തമാനകാല രാഷ്ട്രീയത്തിലെ ശ്രദ്ധേയ നേതാവ്. രാഷ്ട്രീയത്തേക്കാള്‍ രാഷ്ട്ര സങ്കല്പങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍. സത്യസന്ധവും സുതാര്യവും സമര്‍ത്ഥവുമായ സമാജസേവനത്തിലൂടെ മനുഷ്യത്വമുള്ളവരുടെ മനസ്സില്‍ പറിച്ചുമാറ്റാനാകാത്ത തരത്തില്‍ വേരോട്ടം നടത്തിയ സ്ഥിതപ്രജ്ഞന്‍. തന്റെ ഓരോ പ്രവൃത്തിയിലും ആത്മാര്‍ത്ഥതയുടെ അടയാളപ്പെടുത്തല്‍ നടത്തുന്ന ജനസേവകന്‍. മാതൃകകള്‍ അന്യംനിന്നുപോകുന്ന കാലത്ത് എല്ലാം സമാജത്തിനായുഴിഞ്ഞുവച്ച് സര്‍വജനതയിലും സമാനദൃഷ്ടി പടര്‍ത്തുന്ന സംഘാടകന്‍.
കോട്ടയം ജില്ലയില്‍ അക്ഷര സംസ്‌കൃതിവാഹിനിയായ മീനച്ചിലാറും പ്രകൃതിയുടെ പുണ്യമായ കാവുകളും ചേര്‍ന്നനുഗ്രഹിക്കുന്ന കുമ്മനം ഗ്രാമത്തില്‍ ഇളങ്കാവ് ക്ഷേത്രത്തിന് സമീപമുള്ള വാളാവള്ളിയില്‍ തറവാട്ടില്‍ അഡ്വ. വി.കെ. രാമകൃഷ്ണപിള്ളയുടെയും പാറുക്കുട്ടിയമ്മയുടെയും എട്ടുമക്കളില്‍ നാലാമനായി 1952 ഡിസംബര്‍ 23ന് അവിട്ടം നാളിലാണ് ജനനം. അഷ്ട വസുക്കളാണ് അവിട്ടത്തിന്റെ ദേവത. നില്‍ക്കുന്നിടത്ത് ഐശ്വര്യം എന്നതാണ് ഫലം. അതെ. കുമ്മനം രാജശേഖരന്‍ എന്ന ദീപം വെളിച്ചം വിതറി പ്രയാണം തുടരുകയാണ്. തനിക്കുവേണ്ടിയല്ലാതെ താന്‍ നില്‍ക്കുന്നിടത്തിന് ഐശ്വര്യം പ്രദാനം ചെയ്യാന്‍, വിശ്രമമില്ലാതെ…..

മന്നം കൊളുത്തിയ കൈത്തിരി…

കോട്ടയം എന്‍എസ്എസ് ഹൈസ്‌കൂളാണ് രാജശേഖരനിലെ പൊതുപ്രവര്‍ത്തകനെ ഉണര്‍ത്തിയെടുത്തത്. ബാലജനസംഖ്യാംഗം, നേതാജി ലൈബ്രറി സെക്രട്ടറി, ഫുട്ബാള്‍ ടീം കാപ്റ്റന്‍, സ്‌കൂള്‍ സ്‌കൗഠ് ടീം കാപ്റ്റന്‍ എന്നീ നിലകളിലൊക്കെ പ്രവര്‍ത്തിക്കുവാന്‍ ഈ കാലത്ത് അദ്ദേഹത്തിനായി. കുമ്മനം നായര്‍ സമാജം സ്‌കൂള്‍ എന്‍എസ്എസ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങില്‍ സംഘാടകനായി പ്രവര്‍ത്തിക്കുകയും വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് പ്രസംഗിക്കുകയും ചെയ്ത രാജശേഖരനെ അരികെ വിളിച്ച് മികച്ച പൊതുപ്രവര്‍ത്തകനാകണം എന്ന് അനുഗ്രഹിക്കുകയും എന്‍എസ്എസിന്റെ കനകജൂബിലി ആഘോഷങ്ങളില്‍ വൊളണ്ടിയറായി നിയോഗിച്ചുകൊണ്ട് സമാജസേവനത്തിന്റെ ബാലപാഠങ്ങള്‍ നേരിട്ടുപറഞ്ഞുകൊടുക്കുകയും ചെയ്തത് യുഗപ്രഭാവനായ സാക്ഷാല്‍ മന്നത്ത് പത്മനാഭനായിരുന്നു. ആ യോഗിവര്യന്റെ ദര്‍ശനം സാര്‍ത്ഥകമായി. കുമ്മനം സമാജസേവകര്‍ക്ക് മാതൃകയും സമാജ ബാന്ധവര്‍ക്ക് പ്രതീക്ഷയുമായി നടന്നുകയറുകയാണ്. ജനമനസ്സുകളിലേയ്ക്ക്

കലാലയത്തിലൂടെ സമരപാതയിലേക്ക്

കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന്് പ്രീഡിഗ്രി വിജയിച്ച് അവിടെത്തന്നെ ജന്തുശാസ്ത്രത്തില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു. ഭാരത് സേവക് സമാജം എന്ന സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചുകൊണ്ട് നിര്‍ധനരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങളും പാലും റൊട്ടിയും മറ്റും എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളിലും നാഷണല്‍ യന്‍സ് ക്ലബ് സെക്രട്ടറിയായി വിദ്യാര്‍ത്ഥികളിലെ ശാസ്ത്രാവബോധം വളര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. 1971ലെ ഇന്ത്യാ ചൈന യുദ്ധത്തില്‍, ഭാരതത്തിന് പിന്തുണ പ്രഖ്യാപിച്ച്് ജില്ലയിലെ എല്ലാ കലാലയ വിദ്യാര്‍ത്ഥികളും പങ്കെടുത്തു നടത്തിയ പ്രകടനത്തില്‍ സിഎംഎസ് കോളേജിനെ പ്രതിനിധീകരിച്ചു പ്രസംഗിച്ചു. കോളേജ് തലത്തില്‍ ജീവശാസ്ത്രം വിഷയമാക്കി പഠിക്കുന്നവര്‍ക്ക് മെഡിക്കല്‍ കോളേജ് സംവരണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് കലാലയ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് അവകാശ സമരങ്ങളുടെ തീച്ചൂളയിലേക്ക് കാലെടുത്തുവച്ചു. നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമായും ശക്തിയായും ഇന്നും തുടരുകയാണ് കുമ്മനത്തിന്റെ സമരരീതികള്‍
നാട്ടുപേര് കൂട്ടായി

നാട്ടുപേര് കൂട്ടായി

ഭാരതീയ വിദ്യാഭവനില്‍ പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമ കോഴ്‌സ് പഠനകാലത്തുതന്നെ ദീപികയില്‍ പരിശീലനവും ആരംഭിച്ചു. പഠനശേഷം ദീപികയുടെ ലേഖകനായി. കുമ്മനം രാജശേഖരന്‍ എന്ന പത്രപ്രവര്‍ത്തകന്‍ അവിടെ ഉടലെടുത്തു. പിന്നീട് കേരളദേശം, കേരള ഭൂഷണം, കേരള ധ്വനി, രാഷ്ട്ര വാര്‍ത്ത എന്നീ പത്രങ്ങളില്‍ലേഖകനായും സബ് എഡിറ്ററായുമൊക്കെ പ്രവര്‍ത്തിച്ചു. ജന്മഭൂമിയുടെ എഡിറ്റര്‍, മാനേജിംഗ് എഡിറ്റര്‍, മാനേജിംഗ് ഡയറക്ടര്‍ തുടങ്ങിയ ചുമതലകളും വഹിച്ചു 1976ല്‍ എഫ്‌സിഐയില്‍ ജോലി ലഭിച്ചതോടെ പത്രപ്രവര്‍ത്തനത്തിന് താല്‍ക്കാലിക അവധി നല്‍കിയെങ്കിലും രാഷ്ട്രത്തിന്റെ ബൗദ്ധിക സമ്പന്നതയും സാമാജിക സമരസതയും നിലനിര്‍ത്തി വന്ന ജനത, നാനാഭാഗത്തുനിന്നും അവഗണിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നതിനെതിരെ ഭാരതത്തിലാകമാനമുള്ള ധാര്‍മികാചാര്യന്മാരെയും സംഘടനകളെയും ബന്ധപ്പെട്ടുകൊണ്ടും സാമാന്യജനതയെ സംഘടിപ്പിച്ചുകൊണ്ടും ദേശത്തെ ഉണര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി

സ്വധര്‍മേ നിധം ശ്രേയഃ

സര്‍ക്കാര്‍ ഉദ്യോഗത്തില്‍ തളച്ചിടുവാന്‍ ആകുന്നതായിരുന്നില്ല ധ്യാനലീനവും കര്‍മനിരതവുമായ കുമ്മനത്തിന്റെ മനസ്സ്. അത് അരികുവല്‍ക്കരിക്കപ്പെട്ട ജനതയുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി പടര്‍ന്നുകൊണ്ടേയിരുന്നു. വിശ്വഹിന്ദുപരിഷത്തിന്റെ ജനസേവന തല്‍പ്പരതയില്‍ ആകൃഷ്ടനായി ആ ധര്‍മധാരയ്‌ക്കൊപ്പം ചേര്‍ന്ന കുമ്മനം രാജശേഖരന്‍ 1979 ല്‍ പരിഷത്തിന്റെ കോട്ടയം ജില്ലാ സെക്രട്ടറിയും 1981ല്‍ സംസ്ഥാന സഹകാര്യ ദര്‍ശിയുമായി. 1982ല്‍ സന്ന്യാസി ശ്രേഷ്ഠന്മാരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തുനിന്നും കാസര്‍കോട്ടേയ്ക്ക് നടന്ന സമന്വയ പഥയാത്രയിലും 1983ല്‍ നടന്ന വിശാലഹിന്ദു സമ്മേളനത്തിലും പാലിയം വിളംബരത്തിലും ചിന്മയാനന്ദസ്വാമികളുടെ നേതൃത്വത്തില്‍നടന്ന വിവിധ ഗീതാജ്ഞാന യജ്ഞങ്ങളിലും ഒട്ടനവധി ധര്‍മ ജാഗരണ പ്രവര്‍ത്തനങ്ങളില്‍ സംയോജകനായും സംഘാടകനായുമൊക്കെ ഈ കര്‍മയോഗി നിറഞ്ഞുനിന്നു. കെട്ടുകഥകളുടെ പിന്നാമ്പുറങ്ങളില്‍നിന്ന് തട്ടിക്കൂട്ടിയെടുക്കുന്ന പുതിയകാല പുരോഗമന ചരിത്ര രചനയുടെ മഷിപുരണ്ട് നഷ്ടമാകുമായിരുന്ന നിലയ്ക്കലിന്റെ പൈതൃകം നിലനിര്‍ത്തുവാനുള്ള പ്രക്ഷോഭത്തിന് ജീവവായു പകര്‍ന്നതും തൃശൂരിനടുത്ത് പാലാഴി ക്ഷേത്രത്തിലെ അയിത്താചരണത്തിനെതിരെയും ഇളവൂര്‍ തൂക്കത്തിലെ അനാചാരങ്ങള്‍ക്കെതിരെയും പടപ്പുറപ്പാട് നടത്തിയും കുമ്മനത്തിന്റെ ധര്‍മസമരപാതയിലെ ആദ്യകാല കാഴ്ചകളാണ്. പൊതുപ്രവര്‍ത്തനനിരതമായ ജീവിതചര്യയില്‍ സര്‍ക്കാര്‍ ജോലിയോട് വേണ്ടത്ര നീതി പുലര്‍ത്താനാകുന്നില്ല എന്ന തോന്നലുണ്ടായപ്പോള്‍ 1987ല്‍ എഫ്‌സിഐയിലെ ജോലി രാജിവച്ചു. അതേ വര്‍ഷം തന്നെ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം ഈസ്റ്റില്‍നിന്ന് നിയമസഭയിലേയ്ക്ക് മത്സരിച്ച് രണ്ടാംസ്ഥാനത്തെത്തി.

സേവനം + സമര്‍പ്പണം = കുമ്മനം

സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ നാലുപതിറ്റാണ്ടുകള്‍ നീണ്ട സപര്യയില്‍ ഒരു പുരുഷായുസ്സുകൊണ്ട് ചെയ്തുതീര്‍ക്കാവുന്നതിലധികം സേവനങ്ങളാണ് കുമ്മനം സാര്‍ത്ഥകമാക്കിയത്. അനാഥത്വത്തിന്റെ ഇരുള്‍വഴികളില്‍ ഉപേക്ഷിക്കപ്പെട്ടതും പട്ടിണിയെ വിശപ്പിന്റെ പര്യായമാക്കിയതുമായ ജീവിതങ്ങള്‍ക്ക് തണലേകുവാന്‍ സ്ഥാപിച്ച 14 ബാലബാലികാശ്രമങ്ങളില്‍ 1200ല്‍പ്പരം കുട്ടികള്‍ താമസിച്ചുപഠിക്കുന്നു.
ഉള്‍വനങ്ങളിലും ഊരുകളിലും വിദ്യാഭ്യാസമെത്തിക്കുന്നതിനും വനവാസികള്‍ക്ക് അവരുടെ നിയതമായ ആചാരാനുഷ്ഠാനങ്ങളില്‍ വ്യാപരിക്കുന്നതിനുവേണ്ടസഹായമെത്തിക്കുന്നതിനും ഭരണകൂടങ്ങള്‍ പരാജയപ്പെട്ടിടത്ത് വിവിധ വനവാസി ഊരുകള്‍ 400 ഏകാധ്യാപക വിദ്യാലയങ്ങള്‍ സ്ഥാപിച്ച് വിജയകരമായി പ്രവര്‍ത്തിപ്പിക്കുന്നു.
പത്തനംതിട്ട ജില്ലയിലും സമീപത്തുമുള്ള വനങ്ങളില്‍ താമസിക്കുന്ന മലമ്പണ്ടാരം, മലഉള്ളാട, മലവേട, മലയരയ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി വടശ്ശേരിക്കരയ്ക്കടുത്ത് കൂനംകരയില്‍ പതിനെട്ടേക്കര്‍ സ്ഥലത്ത് ഗുരുകുലവിദ്യാഭ്യാസ രീതിയില്‍ മണികണ്ഠാ ഗുരുകുലം നടത്തിവരുന്നു. വലിയ ഗോശാലയും വിശാലമായ ജൈവപച്ചക്കറിത്തോട്ടവുമൊക്കെ ഗുരുകുലത്തിന്റെ പ്രത്യേകതകളാണ്. കേരളത്തില്‍ 75 ഇടങ്ങളിലായി ഓരോ വര്‍ഷവും ലക്ഷക്കണക്കിന് അയ്യപ്പഭക്തന്മാര്‍ക്ക് അന്നദാനവും വിരിവയ്ക്കാന്‍ ഇടവും ഒരുക്കുന്നു. ഒപ്പം അയ്യപ്പഭക്തരുടെ കൂട്ടായ്മയില്‍ ദര്‍ശനത്തിനെത്തുന്ന സ്വാമിമാര്‍ക്ക് സേവനവും സഹായവും നല്‍കുന്നതിനായി സ്ഥാപിച്ച അയ്യപ്പസേവാ സമാജത്തിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു.

നനവുള്ള കണ്ണുകള്‍

സുനാമി ദുരന്ത ദിനങ്ങളില്‍ ക്ഷണ നേരംകൊണ്ട് എല്ലാം വിഴുങ്ങി തിരിച്ചുപോയ തിരമാലകളുടെ താണ്ഡവത്തില്‍ തകര്‍ന്നുപോയ ജീവിതങ്ങള്‍ക്കും പകച്ചുപോയ പ്രതീക്ഷകള്‍ക്കും തണലേകുവാന്‍ കരുനാഗപ്പള്ളിയിലും കായംകുളത്തുമായി രണ്ടുമാസത്തിലധികം താമസിച്ചുകൊണ്ട് രക്ഷാ-പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. നിരവധി താല്‍ക്കാലിക ഷെഡ്ഡുകള്‍ സ്ഥാപിച്ചുകൊണ്ട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 52 വീടുകള്‍ നിര്‍മിച്ചുനല്‍കി. ഉപജീവനത്തിനായി ബോട്ടുകള്‍ വാങ്ങിനല്‍കി. അകന്നുനിന്ന് നിര്‍ദ്ദേശം നല്‍കാതെ അവര്‍ക്കൊപ്പം ചേര്‍ന്ന് അവരിലൊരാളായി അവരുടെ കണ്ണുനീരൊപ്പിയപ്പോള്‍ നഷ്ടപ്പെടലിന്റെ മുറിവുകള്‍ പെട്ടെന്നുണങ്ങി. സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ അനിശ്ചിതമായി വൈകിയപ്പോള്‍ അതിനെതിരെ പദയാത്രകളും സമരങ്ങളും സംഗമങ്ങളും നടത്തി പീഡിതര്‍ക്കൊപ്പം നിന്നും വ്യഥിതര്‍ക്കൊപ്പം നടന്നും വഴിയിലുറങ്ങിയും വളര്‍ത്തിയ ഹൃദയബന്ധങ്ങളില്‍ നിറയുന്ന നാമമാണ് കുമ്മനം… തുടിക്കുന്ന ഹൃദയവും നനവുള്ള കണ്ണുകളുമായി നടക്കുന്ന പച്ചമനുഷ്യന്‍..

പുല്ലുമേട് അപകടം

മകരവിളക്ക് കണ്ട് തൊഴുവാനെത്തിയ സ്വമിഭക്തരില്‍ 102 പേര്‍ തിക്കിലും തിരക്കിലും മരണപ്പെട്ട കറുത്ത സന്ധ്യയില്‍ തേച്ചുമടക്കിയ കുപ്പായങ്ങളില്‍ ഭരണ രാഷ്ട്രീയം കോടമഞ്ഞിന്റെ മറപറ്റി രക്ഷാപ്രവര്‍ത്തനങ്ങളില്‍ നിന്നകന്നുനിന്നപ്പോള്‍ ഒരുപറ്റം ചെറുപ്പക്കാരെയും കൂട്ടി ദുരന്തം പെയ്തിറങ്ങിയ മലയിടുക്കുകളില്‍ ശ്വാസത്തുടിപ്പ് തേടിയലയുകയും ഊണുമുറക്കവും ഉപേക്ഷിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്ത സ്വയംസേവകന്‍. അപകടത്തില്‍പ്പെട്ടവര്‍ക്ക് ഒരു സഹായവും ചെയ്യാതെ സംസ്ഥാന ഭരണകൂടം കൈകെട്ടിനിന്നപ്പോള്‍ അതിനെതിരെ പുല്ലുമേട്ടില്‍നിന്ന് തിരുവനന്തപുരത്തേയ്ക്ക് പ്രതിഷേധ ജാഥനയിക്കുകയും മരിച്ച 102 പേരുടെയും കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കുകയും ചെയ്ത കുമ്മനം ശരണവഴിയില്‍ അശരണര്‍ക്കൊപ്പം നടന്നുനീങ്ങുകയാണ്

മായാതെ മാറാട്

പകോപനവുമില്ലാതെ ഒരുസംഘം ഭീകരവാദികള്‍ മാറാട് കടപ്പുത്ത് അതിക്രമിച്ചുകടന്ന് മനുഷ്യരെ വെട്ടിക്കൊലപ്പെടുത്തിയ മനസ്സാക്ഷിയെ നിര്‍ജീവമാക്കിയ മാറാട് നരഹത്യ. 17 വയസ്സുകാരനായ പ്രിജി മുതല്‍ 70 വയസ്സുകാരനായ മാധവേട്ടന്‍ വരെ എട്ടുവീടുകളുടെ താങ്ങും തണലുമാണ് കടലിന്റെ മക്കള്‍ക്ക് അന്ന് നഷ്ടമായത്. അധികാരത്തിന്റെ ഇടനാഴികളില്‍ സൈ്വരവിഹാരം ചെയ്യുകയാണ് ജീവിത ലക്ഷ്യമെന്ന് ധരിച്ച ചില രാഷ്ട്രീയ നപുംസകങ്ങള്‍ മതവെറിയുടെ ഭീകരതയ്ക്ക് കുടപിടിച്ചു കൊടുത്തപ്പോള്‍ പലപ്പോഴായി പതിനായിരക്കണക്കിന് ജീവനുകളാണ് നാടിന്റെ മക്കള്‍ക്ക് നഷ്ടമായത്. പ്രതിരോധിക്കുന്നവരെ കശാപ്പുചെയ്യുന്ന കുതന്ത്രങ്ങളില്‍ പക്ഷെ മാറാട് കുലുങ്ങിയില്ല. മാറാടിനെ മുറിവേല്‍പ്പിച്ച കാപാലികര്‍ക്കെതിരെ മലയാളനാട് ഒന്നടങ്കം കടലലപോലെ ആര്‍ത്തടിച്ചപ്പോള്‍ ഭരണകൂടം വല്ലാതെയിളകി. ആത്മാഭിമാനത്തെ മുറുകെപ്പിടിച്ചുകൊണ്ട് അനീതിക്കെതിരെ പടപ്പുറപ്പാട് നടത്തുകയും പിടിച്ചുനിര്‍ത്തുവാനാകാത്ത തരത്തിലുള്ള ഒരു വര്‍ഗീയ ലഹളയിലേക്ക് നാട് വഴുതിവീഴാതെ സംരക്ഷിക്കുകയും ചെയ്ത സാമൂഹ്യപ്രവര്‍ത്തകരില്‍ അഗ്രഗണ്യനായിരുന്നു കുമ്മനം രാജശേഖരന്‍.
പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും അഗ്നിജ്വാലകള്‍ ആളിക്കത്തുമായിരുന്ന ബലികുടീരങ്ങളില്‍ ശാശ്വതശാന്തിയുടെ താമര മുകുളങ്ങള്‍ വിരിയിക്കുവാന്‍ കുലീനമായ സംസ്‌കൃതിയുടെ പതാകവാഹകനായി അവിടെ എത്തിയ കുമ്മനത്തിന് കഴിഞ്ഞു. ഭരണത്തണലില്‍ വിലസിയ മതഭീകരതയുടെ മൂടുപടം അഴിച്ചുമാറ്റുവാനും മുറിവേറ്റ മാറാടിന്റെ മുഖം ലോകത്തിനുമുന്‍പില്‍ തുറന്നുകാട്ടുവാനും മതഭീകരതയുടെ ഭയാവഹമായ ചെയ്തികളെ പ്രതിരോധിക്കുവാനും കടലോരജനതയ്ക്ക് കരുത്തേകിയത് കുമ്മനം എന്ന ചങ്കുറപ്പാണ്.

സമരപുളകങ്ങള്‍തന്‍ സിന്ദൂരമാലകള്‍

1. അരിപ്പ ആദിവാസി സമരം: നാടിന്റെയുടയോരാണ് കാട്ടില്‍ വസിക്കുന്നതെന്നും അവര്‍ക്കധിവസിക്കുവാന്‍ ഭൂമി നല്‍കണമെന്നും തടസ്സംകൂടാതെ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിന് അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ട് നടത്തിയ ജനകയ സമരം.
2. ചെമ്പന്‍മുടിപ്പാറ സമരം: പത്തനംതിട്ട ജില്ലയിലെ ചെമ്പന്‍മുടിപ്പാറ പൊട്ടിക്കലിനെതിരെ നടത്തിയ ഐതിഹാസിക സമരം. പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നുകിടക്കുന്ന ചെമ്പന്‍മുടിപ്പാറ പൊട്ടിക്കല്‍ നിര്‍ത്തലാക്കുവാനും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഈ പാറയുടെ പ്രാധാന്യം ഉള്‍പ്പെടുത്താനും സാധിച്ചു.
3. കാതികൂടം സമരം: പ്രകൃതിയിലേക്ക് വിഷച്ചുരുളുകള്‍ അഴിച്ചുവിട്ടുകൊണ്ട് ശ്വാസതടസ്സം സൃഷ്ടിച്ച നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരെ നടത്തിയ ജനകീയ സമരത്തില്‍ അണിചേര്‍ന്നു.
4. മൂരിയാട് കര്‍ഷക സമരം: സമുദ്രജലനിരപ്പിലും താഴ്ന്ന് സ്ഥിതിചെയ്യുന്ന കോള്‍പ്പാടങ്ങള്‍ കൃഷിയോഗ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് വര്‍ഗീസ് തോട്ടുപറമ്പിലിന്റെ നേതൃത്വത്തില്‍ നടത്തിയ കര്‍ഷക സമരത്തിന്റെ സംഘാടകനായി.
5. പ്ലാച്ചിമട സമരം: ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് ഉറവനഷ്ടമാകുന്ന പ്ലാച്ചിമടയിലെ കൊക്കോകോള കമ്പനിക്കെതിരെ നടന്ന ജനകീയ സമരത്തില്‍ പങ്കാളിയായി.
6. എന്‍ഡോസള്‍ഫാന്‍: കാസര്‍കോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭ്യമാക്കാത്തതിനെത്തുടര്‍ന്നു നടത്തിയ സമരത്തില്‍ ദുരിതബാധിതര്‍ക്കൊപ്പം അണിനിരന്നു.
സാമാന്യജനതയുടെ നീതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ളതുമുതല്‍ മണ്ണിനും മരത്തിനും പുഴയ്ക്കും നീരുറവയ്ക്കും കുടിനീരിനും ശുദ്ധവായുവിനും വരെ എണ്ണിയാലൊടുങ്ങാത്തത്ര സമരമുഖങ്ങളില്‍ സംശുദ്ധിയുടെ സിന്ദൂരമാലകള്‍ ചാര്‍ത്തിനിറയുകയാണ് കുമ്മനം. അവയുടെ വികാര തീവ്രത ഏറ്റവും ഒടുവില്‍ നാം അനുഭവിച്ചറിഞ്ഞത് ആറന്മുളയിലാണ്..

മാനംകെട്ട വിമാനം

ആത്മാഭിമാനത്തിന്റെ പുതിയ പേരാണ് ആറന്മുള. ഒരു നാടിന്റെ ആവാസവ്യവസ്ഥയിലേക്കിടിച്ചിറക്കുവാന്‍ ശ്രമിച്ച അഹന്തയുടെ വിമാനച്ചിറകുകള്‍ കക്ഷിരാഷ്ട്രീയ ഭേദമോ പണ്ഡിതപാമര വ്യത്യാസമോ ഇല്ലാതെ ഒരു ജനത ഒന്നടങ്കം തകര്‍ത്തെറിഞ്ഞ സമരചരിതമാണ് ആറന്മുറയില്‍ അരങ്ങേറിയത്. 212 ഇനം സസ്യങ്ങളും 60 ഇനം മത്സ്യങ്ങളും 160 ഇനം പക്ഷികളും അധിവസിക്കുന്ന 214 ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങളും വയലേലകളും നീര്‍ച്ചാലുകളും മലകളുമൊക്കെ ഇല്ലാതാക്കുവാന്‍ ശ്രമിച്ച പണക്കൊഴുപ്പിന്റെയും ഭരണസ്വാധീനത്തിന്റെയും നീരാളികള്‍ക്കു മുന്നില്‍ നിഷ്പ്രഭരാകുമായിരുന്ന ഗ്രാമീണര്‍ക്ക് ആത്മബലമേകിയ പ്രതിഭാസമാണ് കുമ്മനം രാജശേഖരന്‍. വര്‍ഗവര്‍ണ ലിംഗ വ്യത്യാസങ്ങളില്ലാതെ ഒരു നാടുമുഴുവന്‍ ഈ നവഭഗീരഥനുപിന്നില്‍ അണിനിരന്നപ്പോള്‍ സഫലമായത്, കേരളം അതാദ്യമായി അനുഭവിച്ചറിഞ്ഞ ജനമുന്നേറ്റമാണ്. ആറന്മുളയില്‍ കുമ്മനം വ്യക്തി എന്നതിലുപരി ഒരു സമാജമായി വളരുകയായിരുന്നു. ആ സമാജത്തിന്റെ ബലിഷ്ഠമായ കരത്തണലില്‍ കേരളത്തിലങ്ങോളമിങ്ങോളമുള്ള സകല രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക മതപ്രതിനിധികളും അണിനിരന്നു. സ്വജീവന്‍ കൊടുത്തും ആറന്മുളയുടെ ജീവന്‍ നിലനിര്‍ത്തുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് മലയാളത്തിന്റെ മാതൃത്വം അനുഗൃഹീത കവയത്രി സുഗതകുമാരി സമരത്തിന്റെ പതാകയേന്തിയതോടെ, കേരളത്തിന്റെ സാംസ്‌കാരിക ധാര ആറന്മുളയിലേയ്‌ക്കൊഴുകി. വിമാനക്കമ്പനി പിന്‍വാങ്ങി. പരിസ്ഥിതി-പ്രകൃതി-പാരമ്പര്യ സ്‌നേഹികള്‍ പൂര്‍ണ്ണ വിജയം നേടിയ ആദ്യ സമരമായി ആറന്മുള മാറി.

താമര വിരിയിച്ച്

ഹിന്ദുത്വ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ ഇരുന്ന് സകലമാന മനുഷ്യരുടെയും പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള പ്രക്ഷോഭകാരനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് രാഷ്ട്രീയ രംഗത്തേക്കുള്ള ചുവടുമാറ്റം. അവിടെയും പിഴച്ചില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ നേതൃത്വം നല്‍കിയ ആദ്യ തെരഞ്ഞെടുപ്പില്‍ നിയമസഭയിലേക്ക് ആദ്യത്തെ അംഗത്തെ കാലുകുത്തിക്കാനായി. ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്താനും വോട്ടിംഗ് ശതമാനത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കാനുമായി. തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അവഗണിക്കാന്‍ കഴിയാത്ത ശക്തിയായി ബിജെപിയെ ഉയര്‍ത്തിക്കാണിക്കാനുമായി. കേരളത്തിലെ കൊലക്കത്തി രാഷ്ട്രീയത്തെ ദേശീയതലത്തില്‍ തുറന്നു കാണിക്കാന്‍ കുമ്മനം രാജശേഖരന്‍ നടത്തിയ പ്രയത്‌നങ്ങള്‍ വിസ്മരിക്കാനാവില്ല. ഒരു ജനകീയ പ്രസ്ഥാനമായി ബിജെപിയെ മാറ്റാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിനായി.

ജനകീയ ഗവര്‍ണര്‍

അപ്രതീക്ഷിതമായിട്ടാണെങ്കിലും അംഗീകാരമായിരുന്നു കുമ്മനത്തെ തേടിയെത്തിയ ഗവര്‍ണര്‍ പദവി. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, ധാര്‍മിക മേഖലകളില്‍ നിന്ന് ലഭിച്ച ജീവിതാനുഭവങ്ങളുമായിട്ടാണ് കുമ്മനം മിസോറാമിലെത്തിയത്. ജനകീയനായ ഗവര്‍ണറാകന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജനങ്ങളെ കേള്‍ക്കുന്നതിനോ അവരുടെ പരാതികള്‍ പരിഹരിക്കുന്നതിനോ പ്രോട്ടോക്കോള്‍ തടസ്സമാകരുതെന്ന് കുമ്മനത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഉന്നത ഉദ്യോഗസ്ഥരും വിഐപികളും മാത്രം സന്ദര്‍ശകരായിരുന്ന ഐസ്വാളിലെ രാജ്ഭവന്‍ സാധാരണക്കാരുടെയും അഭയകേന്ദ്രമായി. പൊതുപരിപാടികളില്‍ പദവിയുടെ അലങ്കാരമില്ലാതെ ജനങ്ങളിലൊരാളായി പെരുമാറി. ഓഫീസില്‍ ഒതുങ്ങിയിരുന്നില്ല പ്രവര്‍ത്തനം. പൊതുസമൂഹത്തിന്റെയും സന്നദ്ധസംഘടനകളുടെയും പരിപാടികളില്‍ നിരന്തരം പങ്കെടുത്തു. ജനങ്ങളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിനും മുന്‍ഗണന നല്‍കി. രാജ്ഭവനിലെ സാധാരണ ജീവനക്കാരുടെ വീടുകളില്‍ അപ്രതീക്ഷിതമായി എത്തി. ചിലപ്പോഴൊക്കെ പ്രഭാത ഭക്ഷണവും അവിടെനിന്നായിരുന്നു. ആശുപത്രികളിലും അനാഥാലയങ്ങളിലും പതിവ് സന്ദര്‍ശകനായി. ഏല്‍പ്പിച്ച എല്ലാ പ്രവര്‍ത്തനവും ഭംഗിയായി പൂര്‍ത്തിയാക്കി. ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് നിറഞ്ഞ സംതൃപ്തിയോടെ പടിയിറങ്ങി. വീണ്ടും ജനസേവകനായി ജനങ്ങള്‍ക്കിടയിലേക്ക്

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here