By MK Sajeev
ഗുരുവായൂർ:അധ്യാപകൻ, എഴുത്തുകാരൻ, പത്രപ്രവർത്തകൻ, വാഗ്മി, വിദ്യാഭ്യാസ വിദഗ്ധൻ, സാംസ്കാരിക നായകൻ, ദാർശനികൻ എന്നീ നിലകളിൽ പ്രതിഭ തെളിയിച്ച ഡോ. കെ. എസ്. രാധാകൃഷ്ണൻ കേരള പബ്ളിക് സർവ്വീസ് കമ്മീഷന്റെ മുൻ ചെയർമാനാണ്. കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറായിരുന്നു. സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ പ്രഭാഷണങ്ങളിലൂടെയും എഴുത്തുകളിലൂടെയും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. കെ. എസ്. രാധാകൃഷ്ണന്റെ നിലപാടുകൾ ശ്രദ്ധേയവും പൊതുമണ്ഡലത്തിൽ ചർച്ചയാവുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

എറണാകുളം ജില്ലയിലെ മുളവുകാടിൽ മുക്കുവ കുടുംബത്തിൽ ജനിച്ച് കേവലം ഒൻപതാമത്തെ വയസിൽ മത്സ്യബന്ധനം തൊഴിലാക്കിയ കെ. എസ്. രാധാകൃഷ്ണൻ, ജോലി ചെയ്ത് പഠിച്ച് ദാരിദ്ര്യത്തോടും ജീവിതത്തിലെ ദുഖകരമായ അവസ്ഥകളോടും പോരാടി ജീവിച്ച്, സ്വപ്രയത്നത്താൽ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി സർക്കാർ കോളേജിൽ ഫിലോസഫി അധ്യാപകനായി.
ദരിദ്ര ധീവര കുടുംബത്തിൽ ജനിച്ച കെ. എസ്. രാധാകൃഷ്ണൻ, സ്വപ്രയത്നത്താലാണ് ജീവിതത്തിന്റെ പടവുകൾ ഓരോന്നും കയറിയത്. വെളിച്ചപ്പാടായിരുന്ന അച്ഛന്റെ മരണശേഷം പട്ടിണിയുടെ ദിനങ്ങളായിരുന്നു. അക്കാലത്ത് മൈക്കാട് പണി മുതൽ വിവിധങ്ങളായ പണികൾ ചെയ്ത് കുടുംബം പുലർത്തുകയും പഠിക്കുകയും ചെയ്തു. അഞ്ചാം ക്ലാസിൽ ആദ്യ ഇംഗ്ളീഷ് പ്രസംഗം ചെയ്ത അദ്ദേഹത്തെപ്പോലെയുള്ള ഇംഗ്ലീഷ് പ്രഭാഷകർ ചുരുക്കമാണ്. കുട്ടിക്കാലത്തെ കാവ്യാനുശീലം അദ്ദേഹത്തെ കവിതയിൽ കൂടുതൽ അഗാധ ജ്ഞാനമുള്ളവനാക്കി. വരുമാനത്തിൽ നിന്നും ഒരു തുക എന്നും പാവപ്പെട്ട കുട്ടികളുടെ ഫീസിനും ജീവകാരുണ്യത്തിനുമായി ഇപ്പോഴും ചെലവിടുന്നു.

പ്രമുഖ മലയാള ദിനപത്രത്തിൽ പത്രപ്രവർത്തകനും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിൽ പബ്ളിക്കേഷൻ അസിസ്റ്റന്റുമായിരുന്നു. എറണാകുളം മഹാരാജാസ് കോളേജിലെ ഫിലോസഫി വിഭാഗം അധ്യാപകനായിരിക്കെ വൈസ് ചാൻസലറായി നിയമിതനായി. ഇരുപത് വർഷങ്ങളോളം വിവിധ സർക്കാർ കോളേജുകളിൽ അധ്യാപകനായിരുന്നു. അദ്വൈത ഫിലോസഫി, ഗാസിയൻ സ്റ്റഡീസ്, മതാന്തര പഠനം, ഭാരതീയ സൗന്ദര്യശാസ്ത്രവും ഫിലോസഫിയും എന്നീ മേഖലകളിൽ പാണ്ഡിത്യം തെളിയിച്ചു. 1994 ൽ കാലിക്കട്ട് സർവ്വകലാശാലയിൽ നിന്നും ഫിലോസഫിയിൽ ഡോക്ടറേറ്റ് നേടി. ‘അദ്ധ്യാത്മരാമായണത്തിലെ എഴുത്തച്ഛന്റെ അദ്വൈതദർശന’മായിരുന്നു ഗവേഷണ വിഷയം.

മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ്, ന്യൂ ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ച്, ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സ്, കാലിക്കട്ട് സർവ്വകലാശാലയിലെ ഗാന്ധിയൻ ചെയർ എന്നിവയുടെ ഗവേണിംഗ് ബോഡി അംഗമായിരുന്നു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു ജി സി) യുടെ വിവിധ കമ്മിറ്റികളിൽ വിദഗ്ധ അംഗമായും പ്രവർത്തിച്ചു. സംസ്ഥാനത്തെ സ്കൂളുകളിലെയും കോളേജുകളിലെയും ലഹരി വിരുദ്ധ ക്ലബുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച് മാർഗരേഖ തയ്യാറാക്കുന്നതിനായി രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാനായിരുന്നു.

പതിനാറ് പുസ്തകങ്ങളുടെ രചയിതാവാണ്. ഗാന്ധിജി: നവോത്ഥാന ദാർശനികൻ, ക്രിസ്തു ദർശനം, കുറ്റവും ശിക്ഷയും, ഗാന്ധിജിയുടെ രാമരാജ്യ ദർശനം, ശ്രീനാരായണ ഗുരുവും ഗാന്ധിയും, ഇസ്ലാം ജനാധിപത്യ സമൂഹത്തിൽ, മാർക്സിസവും അദ്വൈത വേദാന്തവും, സൗന്ദര്യശാസ്ത്രം – ഒരു പഠനം എന്നിവയാണ് ചില പുസ്തകങ്ങൾ. നൂറിലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അൻപതിലധികം ദേശീയ-അന്തർദ്ദേശീയ കോൺഫറൻസുകളിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. നൂറിലധികം റേഡിയോ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിക്കുന്ന സത്യദീപത്തിൽ സമകാലിക സംഭവങ്ങളെ അധികരിച്ച് എഴുതിയ ‘സമീക്ഷ’ എന്ന പ്രതിവാര പംക്തി പ്രശസ്തമായിരുന്നു. ഇപ്പോൾ മാതൃഭൂമി ദിനപത്രത്തിൽ ഞായറാഴ്ച ദിവസങ്ങളിൽ ‘മഹാഭാരത വിചാരങ്ങൾ’ എന്ന പേരിൽ പ്രതിവാരപംക്തി എഴുതുന്നു.

ഫിലോസഫി അധ്യാപകനെന്ന നിലയിൽ വിദേശത്തും സ്വദേശത്തും അനേകം ശിഷ്യസമ്പത്തുള്ള ഡോ. കെ. എസ്. രാധാകൃഷ്ണൻ പതിറ്റാണ്ടുകളായി ക്രിസ്ത്യൻ സെമിനാരികളിലും മദ്രസകളിലും ആശ്രമങ്ങളിലും ഫിലോസഫി പഠിപ്പിക്കുന്നു. മംഗലപ്പുഴ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരി, വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി, പൂന പേപ്പൽ സെമിനാരി, തൃശൂരിലെ മുളയം മേരിമാത മേജർ സെമിനാരി എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായി പ്രവർത്തിച്ചു.

പറവൂർ ഗവ. എൽ. പി. എസ്., പൊന്നാരിമംഗലം ഹിദായത്തുൽ ഇസ്ലാം എൽ. പി. എസ്., പൊന്നാരിമംഗലം സെന്റ് ജോസഫ്സ് യു. പി. എസ്., എറണാകുളം മുനവറുൾ ഇസ്ലാം ഹൈസ്കൂൾ, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

മാതാപിതാക്കൾ: പരേതരായ കെ. എ. സുകുമാരൻ, ലക്ഷ്മിക്കുട്ടി. ഭാര്യ: ശ്രീകുമാരി. മക്കൾ: അശ്വതി, രേവതി.

COMMENT ON NEWS

Please enter your comment!
Please enter your name here