ക്ഷിപ്ര പ്രസാദിനിയായ ശ്രീ ഏരിമ്മൽ ഭഗവതി

ലേഖകൻ: എസ്. കുമാർ
ഗുരുവായൂർ: തൃശൂർ ജില്ലയിൽ ഗുരുവായൂരിനടുത്ത് കുരഞ്ഞിയൂർ കുട്ടാടം പാടത്താണ് കൊടുങ്ങല്ലൂരന്മയുടെ അംശാവതാരങ്ങളിലൊന്നായ ശ്രീ ഏരിമ്മൽ ഭഗവതീ ക്ഷേത്രം.
പണ്ട് പട്ടിണിയും ദാരിദ്ര്യവും കൊടുമ്പിരികൊണ്ട ഒരു കുംഭ മാസത്തിലെ ഒരു രാത്രിയിൽ പന്തിരു കുല ജാതനായ ചാത്ത മുത്തപ്പൻ പരദേവതകളെ പ്രീതിപ്പെടുത്തുന്നതിനു് വേണ്ടി കളമെഴുതി അവിൽ മലർ ശർക്കര കള്ള് തവിട് എന്നിവ വെച്ച് നിവേദിച്ച് തോറ്റം പാടി വാദ്യം കൊട്ടി ആഘോഷിക്കുകയായിരുന്നു. ആ രാത്രിയിൽ തെക്കും കൊല്ലത്ത് നിന്നും വടക്കു കൊല്ലത്തേക്ക് കൊടുങ്ങല്ലൂർ അമ്മയുടെ അംശാവാതാരങ്ങളായ ദേവിമാർ കുരഞ്ഞിയൂർ ദേശത്ത് കരിമ്പന കൂട്ടത്തിന് സമീപത്ത് എത്തിയപ്പോൾ വിശാലമായ നെൽപ്പാടത്തിന് നടുവിൽ നിന്ന് വെളിച്ചവും വിദ്യവും പാട്ടും കേട്ടപ്പോൾ കൂട്ടത്തിൽ ഇളയവളായ ദേവി ഇത് ആസ്വദിക്കുന്നതിനായി കാരക്കൂടിനുള്ളിൽ കയറിയിരുന്നു.

Also Read

എന്നാൽ മറ്റ് ദേവിമാർ നടന്ന് അകലുകയും ചെയ്തു. കാരക്കൂടിനുള്ളിൽ ദേവീ സാന്നിധ്യം മനസിലായ ചാത്തമുത്തപ്പൻ കൂടപ്പിറപ്പുകളെക്കൂടി ദേവീയെ സന്തോഷത്തോടെ ആനയിച്ച് ഏരിമ്മൽ കുടിയിരുത്തി എന്നാണ് പുരാവൃത്തം. നാലമ്പലവും ധ്വജവും തെക്കും പടിഞ്ഞാറും പാരമ്പര്യ ശൈലിയിലുള്ള ഗോപുരങ്ങളും ഒരു മഹാക്ഷേത്രത്തിനു യോജിച്ചവിധം പുനരുദ്ധാരണം നടത്തേണ്ടതിയിട്ടുണ്ട്. ക്ഷേത്രത്തിലെ പേരാലിൽ ചുറ്റിയ ഉങ്ങിൻ ചുവട്ടിൽ പ്രായി കരിനീലി എന്നി പ്രതിഷ്ഠകൾ പതിവ് കാഴ്ചകളിൽ നിന്നു വ്യത്യസ്തമായി മുഖ്യ കവാടത്തിനു നേരെ അല്ലാതെ ഒരു വശത്തേക്ക് മാറിയാണ് കാണുന്നത്. അയിത്താചാരം ശക്തമായിരുന്ന കാലത്തു ക്ഷേത്ര പ്രവേശന വിലക്കുണ്ടായിരുന്ന സമയത്ത് പുലയർക്ക് വേണ്ടി പുലയർ തന്നെ പ്രതിഷ്ഠിച്ച ക്ഷേത്രമെന്നതും ചരിത്രമാണ്. ശുദ്ധ ഹൃദയരായ പുലയരുടെ അകമഴിഞ്ഞ പ്രാർത്ഥന നിമിത്തം ദേവി സാന്നിധ്യം എന്നും ഒരു അനുഭൂതിയാണ്. ദണ്ഡനും മുത്തനും നാഗങ്ങളും ഭൈരവാദി ഗണങ്ങളും ഉപദേവന്മാരായി ഇവിടെ സാന്നിധ്യമരുളുന്നു. മുട്ടിയറക്കൽ, കലശം എന്നിവയാണ് മുഖ്യമായി നടത്തപ്പെടുന്ന വഴിപാട്. വിഘ്ന നിവാരണത്തിന് വേണ്ടി നടത്തപ്പെടുന്ന ഈ വഴിപാട് ജീവിതത്തിലെ എല്ലാ പ്രതിസന്ധികൾക്കും പരിഹാരമുണ്ടാക്കുന്നു എന്നാണ് ഭക്തരുടെ വിശ്വാസവും അനുഭവവും
നെഞ്ചുരുകി വിളിച്ചാൽ ക്ഷിപ്ര പ്രസാദിനിയാണ് ഏരിമ്മൽ അമ്മ

Read Also : ക്ഷേത്രനഗരിക്ക് തിലകകുറി ചാർത്തി സ്വർണ്ണ പ്രഭയിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഗോൾഡ് & ഡയമണ്ട്‌സും വിലാസ് പാട്ടീലും

Leave a Reply

Your email address will not be published. Required fields are marked *