പുതൂര്‍ പുരസ്‌കാരം ശ്രീ.എം.ടി.വാസുദേവന്‍ നായര്‍ക്ക്

കേരളത്തിന്റെ സാഹിത്യ-സാംസ്‌കാരിക-സാമൂഹ്യരംഗത്ത് ഗുരുവായൂരിന്റെ മുഖമുദ്രയായിരുന്നു ഉണ്ണികൃഷ്ണന്‍ പുതൂര്‍. അറുപതോളം കൃതികളാണ് പുതൂരിന്റേതായി കൈരളിക്കു ലഭിച്ചിട്ടുള്ളത്. മലയാളത്തിലെന്നല്ല മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ വെച്ചുതന്നെ ഏറ്റവുമധികം ചെറുകഥകളെഴുതിയ കഥാകൃത്ത് എന്ന ഖ്യാതി, ഗുരുവായൂരിന്റെ കഥാകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിനു മാത്രം അവകാശപ്പെട്ടതാണ്. രാഷ്ട്രീയ പ്രവര്‍ത്തകന്‍, ട്രേഡ് യൂണിയന്‍ നേതാവ്, പ്രാസംഗികന്‍, ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ്കമ്മിറ്റി അംഗം, പത്രപ്രവര്‍ത്തകന്‍, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പ്രസിഡന്റ്, കേരള സാഹിത്യഅക്കാദമി എക്‌സിക്യൂട്ടീവ് മെമ്പര്‍, ഗുരുവായൂര്‍ നഗരസേവാസമിതി സെക്രട്ടറി, സര്‍വ്വോപരി ഒരു മനുഷ്യസ്‌നേഹി എന്നീ നിലകളില്‍ സമൂഹമാകെ പടര്‍ന്നു പന്തലിച്ച ബഹുമുഖ വ്യക്തിത്വമായിരുന്നു പുതൂരിന്റേത്.
2014 ഏപ്രില്‍ 2ന് അന്തരിച്ച അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം രൂപീകരിച്ച ഉണ്ണികൃഷ്ണന്‍ പുതൂര്‍ സ്മാരകട്രസ്റ്റ് & ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ 2019 ലെ 5-ാമത് പുതൂര്‍ പുരസ്‌കാരത്തിനായി ഡോ.എം.ലീലാവതി, ആലങ്കോട് ലീലാകൃഷ്ണന്‍, ഡോ.പി.രശ്മി എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി ശ്രീ.എം.ടി.വാസുദേവന്‍ നായരെ തെരഞ്ഞെടുത്തിരിക്കുകയാണ്. മലയാളസാഹിത്യത്തിന്റെ മാത്രമല്ല ഭാരതീയ സംസ്‌കാരത്തിന്റെയും ലോകമാനവികതയുടെയും സുകൃതമാണ് എം.ടിയും അദ്ദേഹത്തിന്റെ കൃതികളുമെന്ന് അവാര്‍ഡ് വിലയിരുത്തി.
11,111 രൂപയും ആര്‍ട്ടിസ്റ്റ് ജെ.ആര്‍. പ്രസാദ് രൂപകല്പന ചെയ്ത വെങ്കല ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുതൂര്‍ പുരസ്‌കാരം 2019 ഏപ്രില്‍ 2ന് ചൊവ്വ വൈകീട്ട് 5 മണിക്ക് കോഴിക്കോട് കെ.പി.കേശവമേനോന്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച് സമര്‍പ്പിക്കുന്നു. അതോടൊപ്പം പുതൂരിന്റെ കുതിരവേല എന്ന നോവലൈറ്റിന്റെ പുഃനപ്രകാശനവും ചടങ്ങില്‍ നടക്കും. താങ്കളുടേയും സുഹൃത്തുക്കളുടെയും മഹനീയ സാന്നിധ്യം ആദരപൂര്‍വ്വം ക്ഷണിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *