ഗുരുവായൂര്‍: ക്ഷേത്രത്തില്‍ അഷ്ടമി വിളക്ക് ദര്‍ശിക്കാന്‍ ആയിരങ്ങള്‍. സ്വര്‍ണക്കോലത്തിന്റെ വര്‍ണപ്രഭയില്‍ ആലങ്കാരികത വിതറിയപ്പോള്‍ ക്ഷേത്രവും ക്ഷേത്രസന്നിധിയും ഉത്സവ പ്രഭയില്‍ പ്രശോഭിതമായി. രാത്രിയില്‍ നടന്ന വിളക്കെഴുന്നള്ളിപ്പിന്റെ നാലാം പ്രദക്ഷിണത്തിലാണ് സ്വര്‍ണക്കോലം എഴുന്നള്ളിച്ചത്. ഗുരുവായൂര്‍ വലിയ കേശവന് ശിരസ് നമിച്ച് കോലം ഏറ്റുവാങ്ങിയതോടെ ക്ഷേത്രത്തിനകത്ത് തിങ്ങിനിറഞ്ഞ ഭക്തര്‍ തൊഴുകൈകളോടെ നാരായണ നാമജപത്തില്‍ മുഴുകി.
ഏകാദേശി വരെയുള്ള ദിവസങ്ങളില്‍ ഇനി സ്വര്ണക്കോലത്തിലായിരിക്കും മരതകവര്ണന്റെ എഴുന്നള്ളത്ത്. വില മതിക്കാനാവാത്ത രത്നങ്ങളും വീരശൃംഖലകളും പതിച്ച സ്വര്‍ണക്കോലം വിശേഷാല്‍ അവസരങ്ങളില്‍ മാത്രമാണ് എഴുന്നള്ളിക്കാറുള്ളത്. അഷ്ടമി, നവമി, ദശമി, ഏകാദശി ദിവസങ്ങളിലെ രാത്രി വിളക്കെഴുന്നള്ളിപ്പിനും ഏകാദശി ദിവസം രാവിലെയുള്ള കാഴ്ചശീവേലിക്കും ഉത്സവത്തിനും അഷ്ടമിരോഹിണിക്കുമാണ് സ്വര്‍ണക്കോലം എഴുന്നള്ളിക്കുക. ഗുരുവായൂരിലെ പാരമ്പര്യ കുടുംബമായ പുളിക്കീഴെ വാരിയത്ത് കുടുംബം വകയായാണ് ഇന്നലെ അഷ്ടമി വിളക്കാഘോഷിച്ചത്.
കൃഷ്ണഗീതി ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര
ഏകാദശി വിളക്കിന്റെ 28-ാം ദിവസമായ ഇന്ന് കൊളാടി കുടുംബം വക നവമി വിളക്കാഘോഷിക്കും. നവമി ദിനത്തിലെ നെയ്വിളക്കിനും നമസ്കാര സദ്യക്കും ഏറെ പ്രാധാന്യമുണ്ട്. തിങ്കളാഴ്ചയാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി. കൃഷ്ണഗീതി ദിനാഘോഷത്തോടനബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം കവി ആലങ്കോട് ലീലാകൃഷ്ണന് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ കൃഷ്ണനാട്ടം കലാകാരന്മാര്ക്ക് ദേവസ്വം നല്കുന്ന മാനവേദ സുവര്‍ണ്ണമുദ്ര ശുദ്ധമദ്ദളം ആശാന് കെ.മണികണ്ഠനും വാസു നെടുങ്ങാടി എന്‍ഡോവ്മെന്റ് സുവര്‍ണ്ണമുദ്ര സംഗീത വിഭാഗം ആശാന് എം.കെ. ദില്‍ക്കുഷിനും സമ്മാനിച്ചു . എം.വിഷ്ണു, ഗോകുല്‍, രമിത്ത്, കെ.എം.ശ്രീകുമാര്‍, അഭിഷേക് വര്‍മ്മ, പി. അജിത്ത്, എ. ശ്രീരാഗ് എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ നല്കി . ശ്രീമാനവേദ സമാധിക്കു സമീപം സജ്ജമാക്കിയ പ്രത്യേക വേദിയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ചെയര്മാന് അഡ്വ കെ.ബി മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു .ഭരണ സമിതി അംഗങ്ങളായ എ വി പ്രശാന്ത്, പി. ഗോപിനാഥ്, കെ.കെ. രാമചന്ദ്രന് , ഉഴമലയ്ക്കല്‍ വേണുഗോപാല്‍, അഡ്മിനിസ്ട്രേറ്റര്‍ എസ്.വി. ശിശിര്‍ തുടങ്ങിയവര്‍ സംസാരിച്ചു.