അംബാനിയും മകനും ഹെലികോപ്റ്ററില്‍ ഗുരുവായൂരില്‍; കണ്ണനെ കല്യാണം ക്ഷണിച്ചു മടക്കം

0
26

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ചൊവ്വാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി.  മുകേഷ് അംബാനിയുടെ രണ്ടു മക്കളുടേയും വിവാഹം ഡിസംബര്‍ പന്ത്രണ്ടിനാണ്. ഇതിനു മുന്നോടിയായാണ് ഇഷ്ടക്ഷേത്രങ്ങളിലെ ദര്‍ശനം. ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി അംബാനി ഇതിനു മുമ്പും ഗുരുവായൂരില്‍ എത്തിയിട്ടുണ്ട്. മുംബൈയില്‍ നിന്ന് രാവിലെ തിരുപ്പതി ക്ഷേത്രത്തിലെത്തി ദര്‍ശനം കഴിഞ്ഞതിനു ശേഷമാണ് ഗുരുവായൂരിലെത്തിയത്. കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ രാവിലെ 8.50ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലിറങ്ങി. 

അവിടെ നിന്ന് കാര്‍ മാര്‍ഗം ദേവസ്വത്തിന്റെ ശ്രീവല്‍സം ഗസ്റ്റ്ഹൗസിലെത്തി. 9.20ന് ക്ഷേത്രത്തിലെത്തി ദര്‍ശനം കഴിഞ്ഞ് 10ന് മടങ്ങി‌. രാമേശ്വരം ക്ഷേത്രത്തിലേയ്ക്കാണ് ഇവിടെ നിന്നു പോയത്. അവിടെ പൂജകള്‍ ഏല്‍പിച്ചതിനാല്‍ നടയടയ്ക്കുന്നതിനു മുന്‍പായി എത്തുന്നതിന് തിരക്കിട്ടായിരുന്നു യാത്ര. മുകേഷ് അംബാനിയുടെ മക്കളായ ഇഷ അംബാനിയുടെയും ആകാശ് അംബാനിയുടെയും വിവാഹം ഡിസംബര്‍ പന്ത്രണ്ടിന് മുംബൈയിലാണ്. വിവാഹക്ഷണക്കത്തുകളും കണ്ണനു മുന്നില്‍ സമര്‍പിച്ചു.

തുടര്‍ന്ന് വിവാഹക്ഷണക്കത്ത് ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിന് കൈമാറി. നെയ്, കാണിക്ക, കദളിക്കുല എന്നിവ സോപാനത്ത് സമര്‍പിച്ചായിരുന്നു ദര്‍ശനം. വിവാഹശേഷം നവദമ്പതികളുമായി വീണ്ടും ദര്‍ശനത്തിനെത്തുമെന്ന് മൂകേഷ് അംബാനി ദേവസ്വം ചെയര്‍മാന്‍ കെ.ബി.മോഹന്‍ദാസിനോടു പറഞ്ഞു. മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്പൂതിരിയില്‍ പ്രസാദം വാങ്ങിയ ശേഷമാണ് മുകേഷ് അംബാനിയും മകന്‍ ആനന്ദും മടങ്ങിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here