ഗുരുവായൂർ: ഗുരുവായൂർ ഡെവലപ്മെന്റ് അതോറിറ്റി രൂപീകരിക്കണം മെട്രോമാൻ ഇ. ശ്രീധരൻ

കഴിഞ്ഞ വർഷം ഗുരുവായൂർ ദിനവാർത്തയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പത്മവിഭൂഷൺ ഇ. ശ്രീധരൻ പറഞ്ഞ വാചകമാണ് മുകളിലെഴുതിയത്. ഈ അഭിമുഖത്തിന്റെ വിശദവിവരങ്ങൾ 2018 ജൂലായ് 1 ലക്കത്തിൽ ഞങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

തുടർന്ന്, കഴിഞ്ഞ എട്ടു മാസങ്ങളായി, ഗുരുവായൂരിലെ, നഗരസഭ ചെയർപേഴ്സൺ, ദേവസ്വം ചെയർമാൻ അടക്കം വിവിധ സംഘടനാ ഭാരവാഹികളുമായും, നഗരസഭാ കൗൺസിലർമാരുമായും, ജനപ്രതിനിധികളുമായും, പൊതുപ്രവർത്തകരുമായും പ്രസ്തുത വിഷയത്തിൽ ഞങ്ങൾ ആശയ വിനിമയം നടത്തുകയും, അവരുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ദിനവാർത്തയുടെ മുൻലക്കങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു (അവയെല്ലാം തന്നെ ദിനവാർത്തയുടേയും എന്റെയും ഫേസ്ബുക്കിലും യഥാവസരം ഷെയർ ചെയ്തിരുന്നു).

ഈ വിഷയത്തിൽ ദിനവാർത്തയോട് സഹകരിച്ച നല്ലവരായ എല്ലാ ഗുരുപവനപുരി നിവാസികളോടും ഞങ്ങളുടെ പ്രത്യേക നന്ദിയും സ്നേഹവും ഇവിടെ രേഖപ്പെടുത്തട്ടെ.

ഈ നാടിന്റെ സമഗ്ര വികസനം ഇവിടെ വസിക്കുന്ന ഓരോരുത്തരുടേയും, ഇവിടെ കച്ചവടം / ബിസിനസ്സ് നടത്തുന്ന ഓരോരുത്തരുടേയും, ദിനംതോറും ‘ഇവിടെ വരുന്ന പതിനായിരക്കണക്കിന് ഭക്തജനങ്ങളുടേയും ആവശ്യവും ആഗ്രഹവുമാണ്. ഇക്കാര്യത്തിൽ, ഇന്നലെ വരെ, ആരൊക്കെ എന്തൊക്കെ ചെയ്തു – ചെയ്തില്ലാ എന്നതിനേക്കാളേറെ, നാളെ നമുക്കോരോരുത്തർക്കും എന്തു ചെയ്യുവാൻ കഴിയും എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതിന്റെ, അതിലുമുപരി ‘ പ്രവർത്തിക്കേണ്ടതിന്റെ സാഹചര്യം വന്നിരിക്കുകയാണ്.

നാമുണരണം … ഒരുമിക്കണം …, ഒരുമയോടെ, ഊർജ്ജസ്വലതയോടെ പ്രവർത്തിക്കണം … സങ്കുചിത ചിന്തകളില്ലാതെ, രാഷ്ട്രീയ- ആശയ – ചിന്തകൾക്കതീതമായി, കൊടിക്കളറുകൾക്കതീതമായി, മറ്റെല്ലാ വിഭാഗീയ ചിന്തകളും വെടിഞ്ഞ്, ഗുരുവായൂരിന്റെ നല്ല നാളേയ്ക്കു വേണ്ടി നമുക്കുണരാം … ഒരുമിക്കാം…

അന്നേ ദിവസം വൈകുന്നേരം 4 മണിക്ക് എലൈറ്റ് ഹോട്ടലിൽ നടക്കുന്ന, മെട്രോമാൻ ശ്രീധരൻ സാർ നയിക്കുന്ന “ഗുരുവായൂരിന്റെ വികസന സെമിനാറി” ൽ, ഗുരുവായൂരിനെ സ്നേഹിക്കുന്ന എല്ലാവരുടേയും നിറ സാന്നിദ്ധ്യവും തുറന്ന അഭിപ്രായവും അത്യന്താപേക്ഷിതമാണ്. ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് ആണ് ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങീയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here