പ്രശസ്ത ബോളിവുഡ്
റൊമാന്റിക് സൂപ്പര്‍സ്റ്റാര്‍ ഋഷി കപൂർ അന്തരിച്ചു

മുംബയ്: നടനും നിർമ്മാതാവും സംവിധായകനുമായ ഋഷി കപൂർ അന്തരിച്ചു. അറുപത്തേഴുവയസായിരുന്നു. ഏറെ നാളായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. മുംബയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ ശ്വാസതടസത്തെ തുടർന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യവും. സഹോദരൻ രൺധീർ കപൂറാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.

വർഷത്തോളമായി യു.എസിൽ ക്യാൻസർ ചികിത്സയിലായിരുന്ന കപൂർ കഴിഞ്ഞ സെപ്തംബറിലാണ് ഇന്ത്യയിൽ മടങ്ങി എത്തിയത്. ഫെബ്രുവരിയിൽ അണുബാധയെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു.ബാലതാരമായി സിനിമയിലെത്തി. 1970ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ ’മേരാ നാം ജോക്കറി’ലൂടെ ബാലതാരത്തിനുള്ള ദേശീയപുരസ്കാരവും നേടി. 1973ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 2004നു ശേഷം സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

ബോബി എന്ന ചിത്രമാണ് ഋഷി കപൂറിനെ ബോളിവുഡിന്റെ പ്രിയതാരമാക്കിയത്. 1973-2000 വരെയുള്ള കാലഘട്ടത്തിൽ 90 ലേറെ സിനിമകളിലാണ് പ്രണയനായകനായി അദ്ദേഹം അഭിനയിച്ചത്. ഇമ്രാൻ ഹാഷ്മിക്കൊപ്പം ദി ബോഡിയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. അമർ അക്ബർ ആന്റണി, ലൈല മജ്‌നു, ബോൽ രാധാ ബോൽ, റാഫൂ ചക്കർ, പ്രേം രോഗ്‌, ഹണിമൂൻ, ചാന്ദ്‌നി തുടങ്ങിയ സിനിമകൾ ആരാധകരുടെ മനം നിറച്ച ചിത്രങ്ങളാണ്.പതിനഞ്ചോളം സിനിമകളിൽ തന്റെ നായികയായി എത്തിയ നീതു സിംഗിനെയാണ് ഋഷി കപൂർ തന്റെ ജീവിതസഖിയാക്കിയത്. പ്രമുഖ ചലച്ചിത്ര സംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂർ. യുവതാരങ്ങളിൽ ശ്രദ്ധേയനായ രൺബീർ കപൂറും ഋതിമ കപൂറുമാണ് മക്കൾ. നടന്മാരായ രൺധീർ കപൂർ, രാജീവ് കപൂർ എന്നിവർ സഹോദരന്മാരാണ്.

തന്റെ രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും എപ്പോഴും സരസമായാണ് അദ്ദേഹം സംസാരിച്ചിരുന്നത്.“എനിക്ക് വളരെ പുതുമ തോന്നുന്നു, ഒപ്പം ഏതെങ്കിലും തരത്തിലുള്ള ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ബാറ്ററികൾ എല്ലാം ചാർജ് ചെയ്യപ്പെടുന്നു, ഒപ്പം കാമറയെ അഭിമുഖീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അഭിനയം മറന്നിട്ടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇനി ഞാൻ അഭിനയിക്കുകയാണെങ്കിൽ പ്രേക്ഷകർ എന്നെ സ്വാഗതം ചെയ്യുമോ അതോ ചവറ്റുകൊട്ടയിലിടുമോ എന്നെനിക്കറിയില്ല.ചികിത്സയിലായിരുന്ന സമയത്ത് എന്റെ ശരീരത്തിലേക്ക് രക്തം കയറ്റിയിരുന്നു. പുതിയ രക്തത്തിലൂടെ ഞാൻ പ്രതീക്ഷ വീണ്ടെടുക്കുന്നുവെന്ന് നീതുവിനോട് പറഞ്ഞിരുന്നു. ഞാൻ അഭിനയം മറന്നിട്ടില്ല“- എന്നായിരുന്നു അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. ഋഷി ന്യൂയോർക്കിൽ ചികിത്സയിലായിരുന്ന സമയത്ത് പ്രിയങ്ക ചോപ്ര, അനുപം ഖേർ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, കരൺ ജോഹർ, മലൈക അറോറ തുടങ്ങി നിരവധി താരങ്ങൾ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.വിയോഗ വാർത്ത ഹൃദയ ഭേദകമെന്ന് അമിതാഭ് ബച്ചൻ ട്വിറ്ററിൽ കുറിച്ചു ഇന്ത്യൻ സിനിമയ്ക്ക് ദുഖകരമായ ആഴ്ചയെന്ന് രാഹുൽഗാന്ധി പറഞ്ഞു. നഷ്ടമായത് ഇതിഹാസ താരത്തെയെന്നായിരുന്നു ബോളിവുഡ് നടൻ അക്ഷയ്‌ കുമാർ പ്രതികരിച്ചത്. ഉറ്റസുഹൃത്തിനെയാണ് നഷ്ടമായതെന്ന് രജനീകാന്തും പറഞ്ഞു. പ്രമുഖ ബോളിവുഡ് നടൻ ഇർഫാൻഖാൻ ഇന്നലെയാണ് മരിച്ചത്. അതിന്റെ ഞെട്ടൽ മാറും മുമ്പാണ് ഋഷി കപൂറിന്റെ മരണവും.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here